ഡൽഹി: 2020-ലെ നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷകള്‍ തീരുമാനിച്ചത് പ്രകാരം സെപ്തംബറില്‍ തന്നെ നടക്കുമെന്നാണ് ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. അതിനിടെയാണ് പരീക്ഷയില്‍ മാറ്റമില്ലെന്ന് ടെസ്റ്റിങ് ഏജന്‍സി അറിയിക്കുന്നത്.
ഇതിനൊടാപ്പം കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും കൃത്യമായ സീറ്റിങ് പാറ്റേണ്‍ ഒരുക്കി ഒരു മുറിയില്‍ കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി പരീക്ഷ നടത്താനാണ് തീരുമാനം.
ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ 1-6 വരേയും നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നുമാണ് നടക്കുന്നത്. ജെഇഇ മെയിന്‍ 660 പരീക്ഷ കേന്ദ്രങ്ങളും നീറ്റിന് 3843 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. നേരത്തെ അത് 570 ഉം 2546 ഉം ആയിരുന്നു.
പരീക്ഷ കേന്ദ്രത്തിന് പുറത്ത് കര്‍ശന സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും. ഒപ്പം ഇത് സംബന്ധിച്ച ഒരു മാര്‍ഗ രേഖയും എല്ലാവര്ക്കും വിതരണം ചെയ്യും. ജെഇഇ മെയിന്‍ പരീക്ഷക്ക് 9.53 ലക്ഷം പേരും നീറ്റ് പരീക്ഷക്ക് 15.97 ലക്ഷം പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമേ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മ്മതാ ബാനര്‍ജി, ഒഡിഷ മുഖ്യമന്ത്രി നവിന് പഡ്നായിക്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയുമുണ്ടായി. പരീക്ഷ മാറ്റിവെക്കുന്നതിന് പുറമേ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് മേഖലയിലുള്ളവരായിരുന്നു ഈ ആവശ്യം പ്രധാനമായും ഉയര്‍ത്തിയത്. എന്നാല്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുന്നതിനുള്ള സമയം കുറവാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി ആ ഹർജിയും തള്ളി.
Discussion about this post