കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടതിന്റെ ഡിജിറ്റല്‍ രേഖകള്‍ ലഭിച്ചതായി എന്‍.ഐ.എ. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം ബോധിപ്പിച്ചത്.
കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്. 2019 നവംബറില്‍ തുടങ്ങിയ നയതന്ത്രപാഴ്സല്‍ സ്വര്‍ണക്കടത്ത് പിടികൂടിയത് 2020 ജൂണിലാണ്. ഇതിനിടയില്‍ 21 തവണ ഒരേ രീതിയില്‍ സ്വര്‍ണക്കടത്ത് തുടര്‍ന്നു.
സമാന രീതിയില്‍ അടുത്ത മാസങ്ങളിലും സ്വര്‍ണക്കടത്ത് പലതവണ ആവര്‍ത്തിക്കാനുള്ള പദ്ധതി പ്രതികള്‍ തയാറാക്കിയതിന്റെ തെളിവുകളാണ് സരിത്തിന്റെ ഫോണില്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം ബോധിപ്പിച്ചു. പിടിക്കപ്പെട്ട പാഴ്സലില്‍ 30 കിലോഗ്രാം സ്വര്‍ണമാണ് പ്രതികള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. തുടര്‍ന്നുള്ള പാസ്സലുകളില് ഇതില്‍ കൂടുതല്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും പ്രതികള്‍ തയാറാക്കിയിരുന്നുവെന്നും എന്‍.ഐ.എ അറിയിച്ചു.
Discussion about this post