പാരിസ്: മതനിന്ദ ആരോപിച്ച് ചരിത്രാദ്ധ്യാപകന്റെ തലയറുത്ത സംഭവത്തിൽ പാരീസിൽ പ്രതിഷേധം ശക്തം. സംഭവം ഇസ്ലാമിക ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. സെക്കൻഡറി സ്കൂൾ അധ്യാപകനായ സാമുവൽ പാറ്റി ക്ലാസിൽ വിദ്യാർഥികൾക്ക് മുഹമ്മദ് നബിയുടെ കാരിക്കേച്ചർ കാണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ട അദ്ധ്യാപകൻ ജോലി ചെയ്യുന്ന സ്കൂളിൽ ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തി. സ്കൂളിലെ അധ്യാപകരോട് അദ്ദേഹം സംസാരിച്ചു. “നമ്മുടെ സഹപ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികളെ അദ്ദേഹം പഠിപ്പിച്ചു എന്നതാണ് കാരണം…അഭിപ്രായ സ്വാതന്ത്ര്യം…വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം…രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആക്രമണകാരികൾ ആഗ്രഹിക്കുന്നത്. അതാണ് തീവ്രവാദികളുടെ ലക്ഷ്യം. ഈ തീവ്രവാദത്തിനെതിരെ രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം,” മാക്രോൺ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്. അദ്ധ്യാപകൻറെ തലയറുത്ത അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായാണ് റിപ്പോർട്ട്.
ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. “സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാളും ഇക്കൂട്ടത്തിലുണ്ട്,” തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്.
Discussion about this post