ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഹിന്ദു സന്യാസിക്ക് അക്രമികളുടെ ക്രൂരമർദ്ദനം. ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് എട്ടോളം പേരടങ്ങുന്ന അക്രമി സംഘം സന്യാസിയെ തല്ലിച്ചതച്ചത്.
ആശ്രമത്തിന്റെ പിൻവാതിൽ തകർത്താണ് ബുധനാഴ്ച രാത്രി അക്രമികൾ അകത്ത് പ്രവേശിച്ചത്. തുടർന്ന് ആശ്രമത്തിലെ അന്തേവാസിയെ ഭീഷണിപ്പെടുത്തി സന്യാസിയുടെ മുറി കണ്ടു പിടിച്ചു. പിന്നീട് മുകൾ നിലയിലെ മുറിയിലെത്തിയ അക്രമികൾ സന്യാസിയെ തല്ലിച്ചതച്ച ശേഷം കടന്നു കളയുകയായിരുന്നു.
ആക്രമിക്കപ്പെട്ട സന്യാസിയുടെ ഇടം കാൽ പൂർണ്ണമായും തകർന്നു. രക്തത്തിൽ കുളിച്ചു കിടന്ന സന്യാസിയെ പൊലിസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്തതായും അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിൽ ഹിന്ദു സന്യാസിമാർക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നതിനെ ബിജെപി അപലപിച്ചു. പാൽഘറിൽ ഹിന്ദു സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവും നാന്ദദിലെ ഉമ്രിയിൽ ഹിന്ദു സന്യാസി കൊല്ലപ്പെട്ട സംഭവവും ബിജെപി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നിഷ്ക്രിയമാണെന്നും ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
Discussion about this post