ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്മാര്,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്സിന് തയ്യാറായിക്കഴിഞ്ഞു. ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കും വാക്സിന് എത്തിക്കും.
‘വാക്സിന് മൈത്രി’ എന്നാണ് ഈ വിതരണ പ്രക്രിയയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പേര്. മറ്റ് രാജ്യങ്ങള്‍ അനുമതി നല്‍കുന്നതിനനുസരിച്ച് അവ ഉടന്‍ തന്നെ എത്തിക്കും. അതേസമയം ‘വാക്സിന് മൈത്രി’യില്‍ പക്ഷെ പാകിസ്ഥാന് ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്ത് വാക്സിന് എത്തിക്കാന്‍ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയാണ് പാകിസ്ഥാന് സര്‍ക്കാര്‍.
വാക്സിന് വിതരണയജ്ഞത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ‘വിവിധ രാജ്യങ്ങളിലേക്ക് വാക്സിന് വിതരണം നാളെ ആരംഭിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വാക്സിന് വിതരണം ചെയ്യും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുളള പ്രവര്‍ത്തനം വാക്സിന് വിതരണത്തിലൂടെ ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അറിയിച്ചു.
ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് മാലിദ്വീപില്‍ ഇന്ന് എത്തുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൊവിഡ് മുന്‍നിര പോരാളികള്‍ക്കും, ഗുരുതര രോഗം ബാധിച്ചവര്‍ക്കും ആദ്യ ഘട്ടമായി വാക്സിന് നല്‍കും. ഇന്ത്യയിലെ പോലെ ഘട്ടംഘട്ടമായാകും വാക്സിന് വിതരണം.
കൊവിഡ് രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രതിരോധ ഔഷധമായ ഹൈഡ്രോക്സി ക്ളോറോക്വിന്‍, റെംഡെസിവിര്‍, പാരസെറ്റമോള്‍ എന്നിവയും രോഗ നിര്‍ണയ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മാസ്ക്, കൈയുറ മറ്റ് മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ എന്നിവ ഇന്ത്യ വിതരണം ചെയ്തിരുന്നു.
Discussion about this post