ന്യൂഡല്‍ഹി: രാജ്യത്തെ ഇടനിലക്കാരുടെ സമരം പ്രക്ഷോഭത്തിലേക്ക് കടന്നപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന പ്രസ്താവന പുറത്തിറക്കിയ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇപ്പോൾ നിലപാട് മാറ്റിയതായി സൂചന. സമാധാനപരമായ പ്രതിഷേധത്തിന് എപ്പോഴും തന്റെ പിന്തുണയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ട്രൂഡോ പറഞ്ഞത്. ഇതോടെ ഇന്ത്യ ഈ പ്രതികരണത്തിനെതിരെ രൂക്ഷമായി ഇന്ത്യ പ്രതികരിച്ചിരുന്നു.
ദുഷ്ടലാക്കോടെയുളള പ്രതികരണമാണ് ട്രൂഡോയുടേത് എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്നാലിപ്പോൾ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ നേരെ തിരിച്ചാണ് ട്രൂഡോയുടെ പ്രതികരണം.’ കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്’ എന്ന് ട്രൂഡോ പ്രധാനമന്ത്രിയുമായുളള ടെലഫോണ്‍ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് വാക്സിന് വിതരണത്തിലും മുന്നേറുന്ന ഇന്ത്യയെ ട്രൂഡോ അഭിനന്ദിച്ചു.ഇന്ത്യയും കാനഡയും തമ്മില്‍ സഹകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയായിരുന്നു ഇരുവരും. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയിലും അതീവശ്രദ്ധാലുക്കളാണെന്നും ട്രൂഡോ ഇന്ത്യയെ അറിയിച്ചു.
പത്ത് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷക സമരം ഒത്തുതീര്‍പ്പിലായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രവും പൂര്‍ണമായി പിൻവലിക്കണമെന്ന് കര്‍ഷകരും നിലപാടെടുത്തതിനെ തുടര്‍ന്നാണിത്. സമരം ചെയ്യുന്നവര്‍ പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുളളവരാണ്.
അതേസമയം ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ സമരങ്ങളെ കുറിച്ച് ‘ഇന്ത്യയിലെ സാഹചര്യത്തെ കുറിച്ച് ഞങ്ങളെല്ലാം വളരെയധികം ഉത്കണ്ഠാകുലരാണ്. സമരം ചെയ്യുന്നവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശങ്കയില്‍ പങ്കുചേരുന്നു. സമാധാനപരമായി പ്രതിഷേധത്തിന് എപ്പോഴും പിന്തുണ നല്‍കും’ എന്നായിരുന്നു ട്രൂഡോയുടെ അഭിപ്രായ പ്രകടനം.
Discussion about this post