ബി.ജെ.പിയില്‍ ചേരുന്നതിന് പ്രത്യേക ക്ഷണത്തിന്‍റെ ആവശ്യമില്ലെന്നും നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അതില്‍ യാതൊരു തെറ്റുമില്ലെന്നും ഇന്നലെ രാജ്യസഭയിൽ നാടകീയമായി രാജി പ്രഖ്യാപനം നടത്തിയ തൃണമൂൽ എംപി ദിനേശ് ത്രിവേദി.
‘ദിനേശ് ത്രിവേദിക്ക് ഒരിക്കലും ക്ഷണത്തിന്‍റെ ആവശ്യമില്ല. അവരെല്ലാവരും സുഹൃത്തുക്കളാണ്. പ്രധാനമന്ത്രി നല്ല സുഹൃത്താണ്. അമിത് ഭായ് (അമിത് ഷാ) എല്ലാവരുടെയും നല്ലൊരു സുഹൃത്താണ്. എനിക്ക് നേരത്തേ തന്നെ പോകാമായിരുന്നു. നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അതില്‍ യാതൊരു തെറ്റുമില്ല’- ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ ദിനേശ് ത്രിവേദി എന്‍.ഡി.ടി.വിയോട് പറഞ്ഞു.
നേരത്തേ തന്നെ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു ത്രിവേദി. അതേസമയം ദിനേശ് ത്രിവേദിക്കെതിരെ തൃണമൂൽ രംഗത്തെത്തി. നൊബേല്‍ സമ്മാനമൊഴികെ മറ്റെല്ലാം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയിട്ടും രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദി വഞ്ചകനാണെന്ന് തൃണമുല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മദന്‍ മിത്ര ആരോപിച്ചു .
മുന്‍ റെയില്‍വെ മന്ത്രിയായ ദിനേശ് ത്രിവേദി ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മമത ബാനര്‍ജി ദിനേശ് ത്രിവേദിയെ തൃണമുല്‍ എംപിയായി രാജ്യസഭയിലേക്കയക്കുകയായിരുന്നുവെന്നും മദന്‍ മിത്ര സൂചിപ്പിച്ചു. മറ്റു ചില പ്രമുഖര്‍ കൂടി പാര്‍ട്ടി വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ തൃണമുലിന് അതൊന്നും പ്രശ്‌നമല്ലെന്നും മദന്‍ മിത്ര കൂട്ടിച്ചേര്‍ത്തു.
Discussion about this post