കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് എംഡി എന്‍ പ്രശാന്ത് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റമേറ്റെടുത്ത് ഭാര്യ ലക്ഷ്മി പ്രശാന്ത്. പ്രശാന്തല്ല, താനാണ് പ്രശാന്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയതെന്നാണ് ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് തന്റെ ശ്രമമെന്നും അവര്‍ വിശദീകരിക്കുന്നു.
‘പലതവണ അജ്ഞാത നമ്പറുകളില്‍ നിന്ന് പല പേരുകളില്‍ പലതവണ കോളും മെസേജും ‘ വീഡിയോ കോളും’ ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകള്‍ മാത്രം കിട്ടിയപ്പോള്‍ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകന്‍/ലേഖിക ട്രാക്ക് മാറ്റുന്നു. ഉദ്യോഗസ്ഥനോട് ‘താങ്കളെ ഉപദ്രവിക്കാനല്ല’ എന്ന ചെറിയ വായിലെ വലിയ വര്ത്തമാനത്തിന് ‘ഓ യാ!’ എന്നല്ലാതെ എന്ത് പറയാന്‍! ഞാനിട്ട സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കര്‍ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകന്‍/ലേഖിക വീണ്ടും വീഡിയോ കോള്‍ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോള്‍?’
‘ഒരു വീഡിയോ കോള്‍ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവര്‍ക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച ലേഖകന്‍/ലേഖിക വീഡിയോ കോള്‍ നടത്തി അതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് ‘സെക്സ് ചാറ്റ്’ എന്ന് വാര്‍ത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തില്‍ കോള്‍ എടുത്ത് ഞാന്‍ രണ്ട് പറയുകയായിരുന്നു വേണ്ടത്’, ലക്ഷ്മി പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.‘വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകന്‍/ലേഖികയുടെ ശല്യം തുടര്‍ന്നപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു.
‘പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അണ്‍ബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുള്‍ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാന്‍ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കില്‍ ഈ സ്ക്രീന്‍ഷോട്ടുകള്‍ കാണിക്കാന്‍ ഉണ്ടാവില്ലായിരുന്നു’, ലക്ഷ്മി വിശദീകരിക്കുന്നു.
ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതികരണം ചോദിക്കാനായിരുന്നു മാതൃഭൂമി ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തക പ്രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. മാന്യമായി താന്‍ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് പ്രശാന്ത് അപമര്യാദയായി മറുപടി നല്‍കിയതിന്റെ സ്ക്രീന്‍ ഷോട്ടുകളടക്കം മാധ്യമപ്രവര്‍ത്തക പുറത്തുവിടുകയും ഇക്കാര്യം വ്യക്തമാക്കി മാതൃഭൂമി വാര്‍ത്ത ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സന്ദേശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് കുറ്റമേറ്റെടുത്ത് ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിരിക്കുന്നത്.
ഒരു വാര്‍ത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമാ നടന് സുനില്‍ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാന്‍ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തക വിശദീകരിക്കുന്നുണ്ട്. ഇതിന് ലൈംഗിക ചുവയോടുകൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.
Discussion about this post