ഡല്‍ഹി: പ്രധാനപ്പെട്ട ചില വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനകള്‍ നടത്തി പ്രധാനമന്ത്രി രേന്ദ്രമോദി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയോടൊപ്പം പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച യോഗം സമാപിച്ചത് രാത്രി 10 മണിക്കാണ്.
കൊവിഡ് സാഹചര്യങ്ങളടക്കം അവലോകനം ചെയ്തതിനൊപ്പം പ്രധാനമായും മന്ത്രിസഭാ പുനസംഘടനയും ചര്‍ച്ചാ വിഷയമായി എന്നാണ് വിവരം. ഇതിന്റെ ഭാഗമായി പെട്രോളിയം, സ്റ്റീല്‍, ജലശക്തി മന്ത്രാലയം, നൈപുണ്യശേഷി വികസനം, വ്യോമയാനം, വന്‍കിട വ്യവസായം, പ്രകൃതി, വനം മന്ത്രാലയങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചത്. ഈ വകുപ്പ് മന്ത്രിമാരുടെ കൊവിഡ് കാലത്തെ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്തു.
18 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന് സൗജന്യമെന്ന് പ്രഖ്യാപിച്ചയുടന്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരുടെ മൂല്യനിര്‍ണയം നടത്തിയ ശേഷമാകും മന്ത്രിസഭാ പുനസംഘടനയിലേക്ക് കടക്കുക എന്നാണ് സൂചന. മികച്ച പ്രകടനമുളള മന്ത്രാലയങ്ങള്‍ ഇനി നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും.
സാധാരണ ക്യാബിനറ്റ് യോഗശേഷം പ്രധാനമന്ത്രിയുമായി വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ വന്ന് ചര്‍ച്ച നടത്തുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓരോ മന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തി. ഇത് രാജ്യത്ത് കൊവിഡ് പ്രതിസന്ധി മൂലം സര്‍ക്കാരിനുണ്ടായ പരാജയത്തെ മറികടക്കാനുളള ഗൗരവകരമായ ആലോചനയായും കൊവിഡ് പ്രതിസന്ധി രൂക്ഷമായ വിവിധ മേഖലകളുടെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികളെക്കുറിച്ചുമുളള ചര്‍ച്ചയായുമാണ് വിലയിരുത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളത്തില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയവും ക്ഷീണവും മറികടക്കാനുളള വഴികള്‍ ആലോചിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നാണ് സൂചന. ഇത് കുഴല്പണക്കേസ് ഉള്‍പ്പടെ പ്രതിസന്ധിയിലായ കേരള നേതൃത്വത്തിന് ആശ്വാസമാകും.
ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുളള ആദ്യഘട്ട കൂടിയാലോചനകളും ബിജെപി ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിയുമായും ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും പ്രത്യേകം കൂടിക്കാഴ്ച ഇന്ന് നടത്തും.
Discussion about this post