കൊഴിഞ്ഞാമ്പാറ : കുടിവെള്ളത്തിന്റെ ബില്ല് കെട്ടാൻ വീട് പണയം വയ്ക്കേണ്ട ഗതികേടിലാണ് പാറക്കളത്തു താമസിക്കുന്ന എഴുപതുകാരനായ പി. വെള്ളിയങ്കിരിക്ക് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ആയതിനാൽ ഒരു രൂപ പോലും വരുമാനമില്ലാതിരിക്കുന്ന സമയത്താണു കഴിഞ്ഞ ജൂൺ 30നു വെള്ളത്തിനു കണ്ണു തള്ളുന്ന ബില്ല് വന്നത്. ഫെബ്രുവരി 26 മുതൽ ജൂൺ 30 വരെയുള്ള ബില്ല് 49,019 രൂപ. വെള്ളിയങ്കിരിയും ഭാര്യ അർക്കാണിയും മാത്രമാണു വീട്ടിൽ താമസിക്കുന്നത്.
ജല അതോറിറ്റിയിൽ പരാതിപ്പെട്ടപ്പോൾ 2 പേർ വന്നു പരിശോധിച്ചു. ബില്ലിൽ ഉപഭോക്താവിന്റെ അറിവില്ലായ്മ മൂലം ഉപയോഗിച്ചതിന്റെ ബില്ല് മാത്രമാണു വന്നിട്ടുള്ളതെന്നും അസിസ്റ്റന്റ് എൻജിനീയറെ കാണാനും എഴുതിക്കൊടുത്തു. വൈകിട്ട് 5.30നു വന്നാൽ രാത്രി 9 വരെ വെള്ളമുണ്ടാകും. പൈപ്പ് തുറക്കുമ്പോൾ വരുന്ന കാറ്റിനു പോലും ജല അതോറിറ്റി പൈസ ഈടാക്കുന്ന അവസ്ഥയാണെന്നു പഞ്ചായത്തംഗം എം. രാമകൃഷ്ണൻ പറഞ്ഞു. മാസങ്ങൾക്കു മുൻപ് എരുത്തേമ്പതി പ്രദേശത്തും സമാന സംഭവമുണ്ടായി. അന്നു ജനപ്രതിനിധികൾ അടക്കം ഇടപെട്ടു തുക കുറച്ചു നൽകിയിരുന്നു.
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിൽ താമസിക്കുന്ന ലക്ഷ്മിക്കും വന്നിട്ടുണ്ട് 20,344 രൂപ. ഇത്തരത്തിൽ പഞ്ചായത്തിലെ ഒട്ടേറെ ആളുകൾക്ക് 2,000 രൂപ മുതൽ 50,000 രൂപ വരെയാണു ബില്ല്. ജല അതോറിറ്റിയുടെ കണക്ഷൻ വരും മുൻപു പഞ്ചായത്ത് മുഖേന വിതരണം ചെയ്ത വെള്ളത്തിനു മാസം 100 രൂപയാണു നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ലഭിച്ചിട്ടുള്ള ബില്ലടയ്ക്കാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണു ജനങ്ങൾ. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇവിടെ ശുദ്ധജലം ലഭിക്കുന്നത്.
എന്നാൽ, ഉപഭോക്താക്കൾ ഉപയോഗിച്ച വെള്ളത്തിന്റെ ബില്ല് മാത്രമാണു നൽകുന്നതെന്നും ശ്രദ്ധയിൽപെട്ടിട്ടുള്ള പരാതികൾ പരിശോധിക്കുമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സുധാകര ഷിബു പറഞ്ഞു.
Discussion about this post