ഡല്‍ഹി: ജലവാഹന ബില്‍ പാസാക്കി രാജ്യസഭ. കടത്തു തോണികള്‍ക്കുള്‍പ്പെടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്ന ഉള്‍നാടന്‍ ജലവാഹനങ്ങള്‍ സംബന്ധിച്ച ബില്‍ ആണ് രാജ്യസഭാ പാസാക്കിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനമായത്.
പുതിയ ബില്‍ നിയമമാകുന്നതോടെ 1917-ലെ ഉള്‍നാടന്‍ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായാണ് പുതിയ ബില്ലും കൊണ്ടുവരുന്നത്. ഇനിമുതല്‍ രാജ്യത്തെങ്ങും ജലഗതാഗതം സംബന്ധിച്ച് ഒരു നിയമമായിരിക്കും ഉണ്ടാവുക. ഒരിടത്തെ രജിസ്ട്രേഷന് ഇന്ത്യ മുഴുവന്‍ ബാധകമായിരിക്കും.
ഏതെങ്കിലും ഒരു സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ജലവാഹനം അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്കു കടക്കുമ്പോള്‍ പ്രത്യേക അനുമതി വാങ്ങുകയോ രജിസ്ട്രേഷന് നടത്തുകയോ വേണ്ടിവരില്ല. യന്ത്രവല്‍കൃത യാനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന് നിര്‍ബന്ധമാണ്. എല്ലാ രജിസ്ട്രേഷന് വിവരങ്ങളും കേന്ദ്രീകൃത പോര്‍ട്ടലില്‍ ലഭ്യമാക്കും.
Discussion about this post