പനജി: ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വെക്കേഷൻ ആസ്വദിക്കാൻ വന്ന വിനോദ സഞ്ചാരി എന്നാണ് രാഹുലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാഹുലിനെ ആരും കണക്കിലെടുക്കുന്നത് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ ഈ വികസനങ്ങളൊന്നും രാഹുൽ ഗാന്ധിക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. എനിക്ക് തോന്നുന്നത് വെക്കേഷൻ ആസ്വദിക്കാൻ എത്തിയ ഒരു വിനോദസഞ്ചാരി മാത്രമാണ് അദ്ദേഹം എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ആരും കാര്യമാക്കേണ്ടതില്ല. അദ്ദേഹത്തെ ആരും പരിഗണിക്കുന്നത് പോലുമില്ല. സാവന്ത് പറഞ്ഞു.
പാർട്ടി വിടില്ലെന്ന് സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിക്കുന്നത് കോൺഗ്രസിന്റെ ഗതികേടാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. സ്വന്തം സ്ഥാനാർത്ഥികളെ പോലും വിശ്വാസത്തിലെടുക്കാത്ത കോൺഗ്രസിനെ ജനങ്ങൾ എങ്ങനെയാണ് വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post