സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട്. കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വന്നതോടെ സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ് .
കേസിന്റെ ഒരു ഘട്ടത്തിൽ ശിവശങ്കരനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും തൊട്ടടുത്ത നിമിഷം മുതൽ കവർ ഫയർ നൽകാനും തുടങ്ങി . മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട് . അതല്ലെങ്കിൽ സസ്‌പെൻഷനിൽ കഴിഞ്ഞിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇത്ര പെട്ടെന്ന് ഉന്നത പദവിയിലേക്ക് തിരിച്ചെത്തിയ ചരിത്രം കേരളത്തിലുണ്ടോ ? സസ്പെൻഷൻ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കരനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത് .
കെ ടി ജലീൽ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നുണ്ട് . സ്വപ്ന പറഞ്ഞത് ജലീൽ എല്ലാ കാര്യവും നേരിട്ട് യുഎഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ് . അല്ലാതെ ജലീൽ നിരപരാധി ആണെന്നല്ല . ഒരു വിദേശ നയതന്ത്ര പ്രതിനിധിയുമായി നേരിട്ട് ബന്ധം പുലർത്താൻ ജലീലിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നത് ? ആ നയതന്ത്ര പ്രതിനിധിയാകട്ടെ സ്വർണക്കടത്തു മുതൽ ലൈഫ് മിഷൻ ഇടപാടിൽ വരെ ആരോപണ വിധേയനും . സ്വപ്ന വെളിപ്പെടുത്തിയത് ജലീലും ഈ നയതന്ത്ര പ്രതിനിധിയും ഒന്നിച്ച് ക്ളോസ്ഡ് റൂം ചർച്ചകൾ നടത്തിയിരുന്നു എന്നാണ് . എങ്കിൽ അത് അതീവ ഗുരുതരമായ കാര്യവുമാണ് . 
സ്വപ്ന മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല . പറയുമെന്ന് പ്രതീക്ഷിക്കാനും വയ്യ . പക്ഷെ സ്‌പെയ്‌സ്പാർക്കിലെ അനധികൃത നിയമനം , ലൈഫ് അഴിമതി , മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണനുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ശരി വെക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നത് .
കിറ്റ് കൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെയ്ക്കാനാവില്ല
Discussion about this post