ഡല്‍ഹി: റേഷന്‍ കടകളില്‍ ബാങ്കിങ്ങ് സേവനങ്ങള്‍ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ബാങ്കിങ്ങ് സേവനങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ, റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം ബാങ്കിങ്ങ് സേവനവും ലഭ്യമാകും.
ബാങ്കിങ് സേവനങ്ങള്‍ കൂടി ഒരുക്കുന്നതോടെ പൊതു സേവന കേന്ദ്രങ്ങള്‍ ആയി റേഷന്‍ കടകള്‍ മാറും. ഇത്തരം റേഷന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാനും പുതിയ സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇന്ത്യയിലുടനീളമുള്ള റേഷന്‍ കടയുടമ സംഘടനകളുടെ നേതാക്കളുമായി പൊതുവിതരണ മന്ത്രാലയം ചര്‍ച്ച നടത്തും. ഡല്‍ഹിയിലായിരിക്കും ചര്‍ച്ച. ഇതു കൂടാതെ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ, പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ കന്‍വാല്‍ജിത്ത് ഷോര്‍ എന്നിവരുമായും ചര്‍ച്ചയുണ്ടാകും.
ഈ സംവിധാനം എത്രയും വേഗം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ എല്ലാ സംസ്ഥാനങ്ങളും എടുക്കണമെന്ന് പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
Discussion about this post