എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ. 14 പേർക്ക് കൂടിയാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ കുഴിമന്തി കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 17 ആയി.
ഉച്ചയോട് കൂടിയാണ് കൂടുതൽ ആളുകൾ ചികിത്സ തേടി ആശുപത്രിയിലേക്ക് എത്തിയത്. ഇതിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്. യുവതിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കം, ഛർദ്ദി, പനി, ശരീരവേദന തുടങ്ങിയവയാണ് ഭക്ഷണം കഴിച്ചവർക്ക് അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിലും കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടുമെന്നാണ് കരുതുന്നത്.
കുഴിമന്തിയ്ക്കൊപ്പം കഴിച്ച ചിക്കനിൽ നിന്നാണ് വിഷബാധയേറ്റത് എന്നാണ് സൂചന. കുഴിമന്തിക്ക് പുറമേ ഷവായ് ചിക്കനുൾപ്പെടെയുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിട്ടുണ്ട്. കുഴിമന്തി റൈസ് കഴിച്ചവർക്കും ശാരീരിക അവശതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിന് മുൻപും പല തവണ ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
Discussion about this post