പാരീസ്: ഫ്രഞ്ച് ഡിഫൻഡർ റഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. ഒരു ദശാബ്ദക്കാലം നീലപ്പടയുടെ പ്രതിരോധക്കോട്ടയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന താരമാണ് കളിക്കളങ്ങളോട് വിട പറയുന്നത്. 2018ൽ ഫിഫ ലോകകപ്പും 2020-21 സീസണിലെ യുവേഫ നേഷൻസ് കപ്പും ഫ്രാൻസ് സ്വന്തമാക്കിയതിൽ വരാനെയുടെ പങ്ക് നിർണായകമായിരുന്നു.
കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഫ്രാൻസ് റണ്ണർ അപ്പുകൾ ആയപ്പോഴും വരാനെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2013ൽ ഫ്രഞ്ച് ടീമിലെത്തിയ വരാനെ, ഇതുവരെ 93 മത്സരങ്ങൾ നീലപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. തന്റെ ഇരുപത്തിയൊൻപതാം വയസ്സിലാണ് താരം കളി മതിയാക്കുന്നത്.
ഒരു ദശാബ്ദക്കാലം ഫ്രാൻസിനെ കാൽപ്പന്ത് വേദികളിൽ പ്രതിനിധാനം ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ബഹുമതിയായി കണക്കാക്കുന്നുവെന്ന് വരാനെ വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു. ശരിയായ സമയത്താണ് വിരമിക്കൽ തീരുമാനം എടുത്തതെന്നും താരം പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് വരാനെ.
ഫ്രഞ്ച് ഗോൾ കീപ്പറും ക്യാപ്ടനുമായ ഹ്യൂഗോ ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് വരാനെയും കളമൊഴിയുന്നത്. പ്രതിഭാധനരായ യുവനിരയ്ക്ക് വേണ്ടി അരങ്ങൊഴിയുകയാണ് എന്നായിരുന്നു വിരമിക്കൽ വേളയിൽ ലോറിസ് കുറിച്ചത്.
Discussion about this post