അഗർത്തല : ത്രിപുരയെ നാശത്തിന്റെ വക്കിൽ കൊണ്ടെത്തിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് വേണ്ട പ്രധാന ഘടകം ക്രമസമാധാനമാണ്. എന്നാൽ കമ്യൂണിസ്റ്റ് ഭരണകാലത്ത് ജനങ്ങൾക്ക് ഒരിക്കലും സമാധാനം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത് പാർട്ടികൾ ജനങ്ങളെ അടിമകളായും സ്വയം രാജാക്കന്മാരായുമാണ് കണക്കാക്കിയിരുന്നത്. കേഡർമാർ ജീവിതം മുഴുവൻ തങ്ങളെ ബന്ദികളാക്കി വെച്ചിരുന്ന അരാജകമായ അവസ്ഥ ത്രിപുരയിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. ത്രിപുരയിൽ സമാധാനം കൊണ്ടുവന്നത് ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന് ഒരിക്കലും സംസ്ഥാനത്ത് വികസനമെത്തിക്കാനാകില്ല. അവർക്ക് സ്വന്തം ഖജനാവ് നിറയ്ക്കുക മാത്രമാണ് ലക്ഷ്യം. ത്രിപുരയിലെ ജനങ്ങളെന്നും ദരിദ്രരായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപി മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്, പ്രതികാരത്തിന്റേതിലല്ല. പൊതു താത്പര്യ, ദേശീയ താത്പര്യ രാഷ്ട്രീയത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ തവണത്തേക്കാൾ അധിക വോട്ടുകളുമായി ഭാരതീയ ജനത പാർട്ടി തിരിച്ചെത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ദശാബ്ദത്തോളം കാലം കമ്യൂണിസ്റ്റുകാർ ത്രിപുര അടക്കിവാണു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുകയാണ് അവർ ചെയ്തിരുന്നത്. ഇത്രയും വർഷങ്ങൾ കൊണ്ട് കമ്യൂണിസ്റ്റുകാർ നിർമ്മിച്ച വിടവുകൾ നികത്താൻ, ഇന്ന് ബിജെപി സർക്കാർ രാവും പകലും കഷ്ടപ്പെടുകയാണ്.
ബിജെപി ഭരണത്തിന് കീഴിൽ ത്രിപുരയ്ക്ക് ബുദ്ധ സർവ്വകലാശാല, നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി, ഡെന്റൽ കോളേജ്, കാൻസർ ആശുപത്രി എന്നിവ ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പിഎം കിസാൻ സമ്മാൻ നിധി ഇരട്ട എഞ്ചിൻ സർക്കാരിന്റെ മറ്റൊരു ഉദാഹരണമാണ്. ഇതുവരെ ത്രിപുരയിലെ കർഷകർക്ക് 500 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളെ ബാങ്കിംഗിലേക്കും ഫിനാൻസിലേക്കും കൊണ്ടുവരാൻ സാധിച്ചു. ത്രിപുരയിലെ ഒരു കുടുംബത്തിനും ബിജെപി നയങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കുകിഴക്കൻ മേഖലയിലെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി ത്രിപുരയുടെ തലസ്ഥാനം മാറിയെന്നും, മൈത്രി പാലത്തിലൂടെ തുറമുഖ നഗരവുമായി ബന്ധിപ്പിച്ചാൽ മേഖലയിലെ അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ഏറ്റവും വലിയ കേന്ദ്രമായി ഇത് മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സബ്കാ സാത്ത് സബ്കാ വികാസ് സർക്കാരാണ് തങ്ങൾക്ക് വേണ്ടതെന്ന് ഇതിനോടകം തന്നെ ജനങ്ങൾ തെളിയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post