മലപ്പുറം: വള്ളിക്കുന്നിൽ അരിയല്ലൂരിൽ കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചേളാരി സ്വദേശി ഷിബിൻ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ പിണങ്ങിയതാണ് പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് വിവരം.
മരിച്ച സുനുഷയുമായി പിടിയിലായ ഷിബിൻ പ്രണയത്തിലായിരുന്നു. മൊബൈൽ ഫോണിൽ സുനുഷ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ നിരന്തരം പെൺകുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പ്രണയദിനമായ ഫെബ്രുവരി 14 നും തർക്കം തുടർന്നതോടെ ഇരുവരും പിണങ്ങി. പിണക്കം മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്താണ് അരിയല്ലൂർ ദേവിവിലാസം സ്കൂളിന് സമീപം താമസിക്കുന്ന വളയനാട്ടുതറയിൽ സുനുഷ എന്ന 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോളി ഫാമിലി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സുനുഷ.
Discussion about this post