തിരുവനന്തപുരം: കുടംബത്തിന് ഉണ്ടായ കടബാധ്യത തീർക്കാൻ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡ് വീടിന് മുകളിൽ സ്ഥാപിച്ച് ദമ്പതികൾ. തിരുവനന്തപുരം മണക്കാട് ആണ് സംഭവം. ” വൃക്ക, കരൾ വിൽപ്പനയ്ക്ക്” എന്ന ബോർഡ് ആണ് വീടിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. വീടിന് മുകളിൽ ഇത്തരമൊരു ബോർഡ് സ്ഥാപിച്ചിരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജ പ്രചാരണം ആണെന്ന് കരുതിയെങ്കിലും, ബോർഡിലെ നമ്പരിലേക്ക് വിളിച്ച് നോക്കിയതോടെയാണ് സംഗതി സത്യമാണെന്ന് പലർക്കും മനസിലാകുന്നത്.
വരുമാനം നിലച്ചത് കൊണ്ട് കുടുംബം പോറ്റുന്നതിനും കടബാധ്യത തീർക്കുന്നതിനും വേണ്ടി പണം കിട്ടാനാണ് അത്തരമൊരു ബോർഡ് വീടിന് മുന്നിൽ വച്ചതെന്ന് വീട്ടിലെ താമസക്കാരായ ദമ്പതികൾ പറഞ്ഞു. മണക്കാട് വാടകയ്ക്കാണ് ഇവരുടെ താമസം. ചിത്രത്തിന് വ്യാപക പ്രചാരം ലഭിച്ചതോടെ ബോർഡ് എത്രയും വേഗം എടുത്ത് മാറ്റണമെന്ന് വീട്ടുടമ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്തരികാവയവങ്ങൾ വിൽക്കുന്നത് കുറ്റകരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ബോർഡ് നിയമവിരുദ്ധമാണെന്നും, അന്വേഷിച്ച് നടപടി എടുക്കുമെന്നും ഫോർട്ട് പോലീസ് അറിയിച്ചു.
Discussion about this post