ന്യൂഡൽഹി: ചികിത്സാ ചെലവ് താങ്ങാനാകാത്തതിന്റെ പേരിൽ ഹോട്ടലിൽ മുറിയെടുത്ത് ഓക്സിജൻ സിലിണ്ടറിൽ നിന്ന് അമിതമായി ഓക്സിജൻ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു. 24കാരനായ നിതേഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച നോർത്ത് ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം. ഏറെ നാളായി അസുഖബാധിതനായിരുന്ന ഇയാളുടെ ചികിത്സാചെലവും വളരെ കൂടുതലായിരുന്നു.
ഇതിൽ ആശങ്കപ്പെട്ടാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കയ്യിലൊരു വലിയ ബാഗുമായിട്ടാണ് ഇയാൾ ഹോട്ടലിലെ മുറിയിലേക്ക് പോയത്. ഓക്സിജൻ സിലിണ്ടറും ട്യൂബുമായിരുന്നു ഇതിനുള്ളിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് കവറ് കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു മൃതദേഹം.
അമിതമായി ഓക്സിജൻ ശ്വസിക്കുമ്പോൾ ഹൃദയമിടിപ്പ് അപകടകരമായ രീതിയിലേക്ക് താഴ്ന്നതായാണ് മരണകാരണമെന്ന് വിദഗ്ധർ പറയുന്നു. തന്റെ അസുഖത്തെ കുറിച്ചും, ചെലവായ തുകയുടെ ബില്ലുകളുമെല്ലാം ആത്മഹത്യാക്കുറിപ്പിനോടൊപ്പം വച്ചിട്ടുണ്ട്. തന്നെ പരിചരിക്കുന്നതിന് വേണ്ടി മാതാപിതാക്കൾ കൂടുതൽ പണം ചെലവഴിക്കുന്നതിന് താത്പര്യമില്ലെന്നും ഇയാൾ കുറിച്ചിട്ടുണ്ട്.
വേദനയില്ലാത്ത മരിക്കുന്ന രീതികൾ ഇയാൾ ഓൺലൈനിൽ തിരഞ്ഞതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ഇയാൾ നിരന്തരമായി കണ്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
Discussion about this post