ചണ്ഡീഗഡ് : പഞ്ചാബ് പോലീസ് ദിവസങ്ങളായി അന്വേഷിക്കുന്ന ഖാലിസ്ഥാനില അനുകൂല ഭീകരൻ അമൃത്പാൽ സിംഗ് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിൽ എത്തി നിൽക്കുന്ന വേളയിലാണ് അമൃത്പാൽ സിംഗ് കീഴടങ്ങുമെന്ന വിവരങ്ങൾ പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.
പഞ്ചാബ് പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ മാർച്ച് 18 മുതൽ അമൃത്പാൽ സിംഗ് ഓട്ടത്തിലാണ്. അനുയായികളുടെ സഹായത്തോടെ ഇയാൾ നാട് വിട്ടുവെന്ന വിവരങ്ങളും ലഭിച്ചിരുന്നു. കൂടുതലും സ്ത്രീകളുടെ സഹായത്തോടെയാണ് ഇയാൾ ഒളിവിൽ കഴിയുന്നത് എന്നാണ് കണ്ടെത്താനായത്. അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ച നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു.
അതേസമയം അമൃതപാൽ സിംഗ് ചൊവ്വാഴ്ച പഞ്ചാബിലേക്ക് മടങ്ങിയതായി റിപ്പോർട്ടുണ്ട്. ഹോഷിയാർപൂർ ജില്ലയിലെ പോലീസ് ചെക്ക്പോസ്റ്റിലൂടെ ഇന്നോവ കാറിലാണ് ഇയാൾ എത്തിയത്. എന്നാൽ പോലീസിന് ഇയാളെ പിടികൂടാനായില്ല. അമൃത്പാൽ സിംഗും പപ്പൽപ്രീത് സിംഗ് ഉൾപ്പെടെയുള്ളവർ ഇന്നോവ കാറിലുണ്ടായിരുന്നുവെന്ന സംശയത്തെത്തുടർന്ന് ഒരു സംഘം പോലീസ് കാറിനെ പിന്തുടരുകയായിരുന്നു. എന്നാൽ, പ്രതികൾ മർനയൻ ഗ്രാമത്തിൽ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
കീഴടങ്ങാൻ വേണ്ടിയാണ് ഇയാൾ പഞ്ചാബിലേക്ക് തിരിച്ചെത്തിയത് എന്നാണ് വിവരം. സുവർണ്ണ ക്ഷേത്രത്തിൽ വെച്ചാണ് കീഴടങ്ങുക എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അമൃത്സർ, ബതിന്ഡയിലെ തൽവണ്ടി സാബോ, ആനന്ദ്പൂർ സാഹിബ് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post