ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെ കുറിച്ച് മനസിലാക്കാനായി സദ്ഭരണ പരിചയ യാത്രയുടെ ഭാഗമായി കേരളത്തിൽ നിന്നും പോയ പ്രധിനിധിസംഘത്തിൽ ഞാനും ഉൾപ്പെട്ടിരുന്നു. ഇതിനു മുൻപ് മൂന്ന് തവണ ഉത്തർപ്രദേശിൽ പോയിട്ടുണ്ടായിരുന്നു. അതെല്ലാം 2012 ന് മുൻപായിരുന്നു. ഏതൊരു ശരാശരി മലയാളിയുടെ മനസ്സിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ചു മനസ്സിൽ കുറിച്ച സങ്കല്പങ്ങളെ ശരിവെക്കുന്നതായിരുന്നു അന്ന് ഞാൻ കണ്ട കാഴ്ചകൾ. പ്രത്യേകിച്ചു വാരാണസിയിൽ. ഭാരതീയ സങ്കല്പത്തിലെ പുണ്യക്ഷേത്രം, പുണ്യനദി ഗംഗ എന്നിവ.
ക്ഷേത്രത്തിലേക്കുള്ള വഴിത്താരകളിൽ മലിന ജലവും, അലഞ്ഞു തിരിയുന്ന പശുക്കളും അവയുടെ ചാണകം ചിതറിയ കാഴ്ചകളും, കലങ്ങി നിറം കെട്ട മലിന ജലത്തെ വഹിക്കുന്ന ഗംഗാ നദിയും, വാഹനങ്ങൾ കട്ടകുത്തി ഇഴയുകയും, മാലിന്യ കൂമ്പാരം നിറഞ്ഞ പൊതുനിരത്തുകളും, അന്നത്തെ എന്റെ യാത്രയിൽ കണ്ടിരുന്നു.
എന്നാൽ ഈ യാത്രയിൽ വാരാണസി എയർപോർട്ടിൽ ഇറങ്ങിയ ശേഷം താമസസ്ഥലത്തേക്കുള്ള യാത്രയിൽ വാഹനത്തിന്റെ സൈഡ് സീറ്റിൽ ഇരിപ്പ് ഉറപ്പിച്ച എന്നെ അത്ഭുതപെടുത്തുന്നതായിരുന്നു ഓരോ കാഴ്ചകളും. വിശാലമായ നഗരപാതകൾ, നിരവധി മേല്പാലങ്ങൾ, ഗതാഗത കുരുക്കുകൾ ഒട്ടുമില്ലാത്ത യാത്രകൾ.യു പി യിലെ മാറ്റത്തിന്റെ ആദ്യസൂചകങ്ങൾ മനസ്സിൽ പതിഞ്ഞു തുടങ്ങി.
ആദ്യയാത്ര കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കായിരുന്നു. മുൻകാല അനുഭവങ്ങൾ നിറഞ്ഞ മനസുമായി വണ്ടിയിൽ നിന്നും ഇറങ്ങിയ എന്നെ എതിരേറ്റത് മനോഹരമായ ഉദ്യാനമായിരുന്നു. നമോ പാർക്ക് എന്നപേരിൽ അച്ഛനും അമ്മയും കുഞ്ഞും അടങ്ങിയ മൂന്ന് പേരുടെ കൂപ്പുകൈയുടെ ബിംബം സഞ്ചാരികളെ സ്വീകരിക്കുവാൻ നിലയുറപ്പിച്ചിരുന്നു. ജാതി മത ഭേദമന്യേ ആയിരങ്ങളെ ആ പാർക്കിൽ അവിടെ കാണാൻ കഴിഞ്ഞു.
മുൻകാലങ്ങളിൽ കറുത്ത് കലങ്ങിമറിഞ്ഞ് മാലിന്യം പേറിയ ഗംഗയിൽ ഇത്തവണ കണ്ടതാവട്ടെ തെളിനീർ അലതല്ലി ഒഴുകുന്നു. ഇതുകാണുന്ന ആരും പറഞ്ഞുപോകും ഗംഗേ നീ നിന്റെ പരിശുദ്ധി വേണ്ടെടുത്തിരിക്കുന്നു. നിന്നെ മലിനമാക്കുന്നതൊന്നും ഇന്ന് കാശിയിൽ ഇല്ല. നിന്റെ മടിത്തട്ടിലൂടെ നടത്തിയ ബോട്ട് യാത്രയിൽ ഒരു കരയിൽ മനോഹരമായ സ്നാന ഘട്ടുകളും മറുകരയിൽ സഞ്ചാരികൾക്കായി രമ്യമായ ഹട്ടുകളും പണിതു വെച്ചിരിക്കുന്നു.
വിശ്വാനാഥ ക്ഷേത്രത്തിന് അരികിൽ ബോട്ട് ഇറങ്ങി കൽപടവുകൾ കയറി പോകുമ്പോൾ കണ്ടത് ക്ഷേത്രസമുച്ചയമോ അതോ പുരാണ കഥകളുടെ ആവിഷ്കാരങ്ങളിൽ നാം കാണുന്ന ദേവലോകമോ എന്ന് സംശയിച്ചുപോകും. മുൻകാലങ്ങളിൽ പൊട്ടിപൊളിഞ്ഞ വഴിത്താരകളും അലഞ്ഞുനടക്കുന്ന കാലികളും അവയുടെ വിസർജനവും, ഇടുങ്ങിയ ക്ഷേത്രവും കാണപ്പെട്ട സ്ഥലത്ത് അനേകായിരങ്ങളെ ഒരുമിച്ചു ഉൾക്കൊള്ളുന്ന ക്ഷേത്രത്തിനകത്തേക്കു നടക്കുമ്പോൾ ലോകത്തിന്റെ പുണ്യ ഭൂമിലൂടെയുള്ള യാത്രയെന്നേ തോന്നുകയുള്ളു.
അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ പതിച്ചു തുടങ്ങിയതോടെ കാശിക്ഷേത്ര മന്ദിരവും ഗംഗയിലെ നീരും സ്വർണവർണ്ണത്താൽ പ്രകൃതി തന്നെ അണിയിച്ചൊരുക്കിയതായി തോന്നിപോയി. കാശി വിശ്വനാഥന്റെയും ഗംഗയുടെയും പരിശുദ്ധിയെ വീണ്ടെടുത്തുതന്ന ആദിത്യ നാഥന്റെ ശ്രമങ്ങളെ വാഴ്ത്താതെ ആർക്കും അവിടെ നിന്നും മടങ്ങാൻ ആവില്ല.
അടുത്തനാൾ ഭാരതത്തിലെ മറ്റൊരു പുണ്യഭൂമിയായ അയോദ്ധ്യയിൽ ചെന്നപ്പോൾ കണ്ടത് ദ്രുത ഗതിയിൽ നിർമ്മാണം പൂർത്തീകരിക്കുന്ന ശ്രീരാമക്ഷേത്രം. അവതാരപുരുഷന്റെ ജന്മം കൊണ്ട് പവിത്രമായ ഭൂമിയിൽ കലാപത്തിന്റെ താഴികകുടം തീർത്ത ശക്തികൾക്ക് വിരാമം കുറിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്ന ഇരുണ്ട കാർമേഘം ഇന്ന് അയോദ്ധ്യയിൽ നിന്നും മാറിത്തുടങ്ങി. എങ്ങും രാമ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷം. വൈകാതെ രാമന്റെ അയോദ്ധ്യയിൽ രാമമന്ദിരം പണിതുതീരും. നീതിന്യായ ഉത്തരവിനെ തുടർന്ന് ശരവേഗതയിലുള്ള പരിശ്രമങ്ങളെ ആരും പാടിപുകഴ്ത്തിപ്പോകും.
കാശി വിശ്വനാഥക്ഷേത്ര വികസനവും, അയോദ്ധ്യ വികസനവും സാധ്യമാക്കിയ ഭരണ ഇച്ഛാശക്തിയെ എത്ര അഭിനന്ദിച്ചാലാണ് മതിവരുക. നമ്മുടെ ശബരിമല അടിസ്ഥാന വികസനവും, ഗുരുവായൂർ ടെംപിൾ സമുച്ചയ പ്ലാനുകളും ജലരേഖകളായി അവശേഷിക്കുന്ന കാര്യം മനസിൽ ഒരുനിമിഷം കടന്നുപോയി. സാംസ്കാരിക പൈതൃകത്തിനു മാത്രമല്ല യോഗി സർക്കാർ ഊന്നൽ നൽകിയിട്ടുള്ളത്. വാരാണസി, അയോദ്ധ്യ, ലക്നൗ ഉൾപ്പെടെ എല്ലാ നഗരങ്ങളിലും ആധുനിക നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ഓരോ നഗരങ്ങളിലും അറുന്നൂറിലധികം നിരീക്ഷണ 360 ഡിഗ്രി ക്യാമറകൾ. ഇവയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ പോലീസ്, ട്രാഫിക്, ആരോഗ്യ വകുപ്പ്, ശുചിത്വ പരിപാലന ചുമതല ഉള്ളവർ എന്നിവരുടെ വിദഗ്ധർ അടങ്ങിയ സംഘം നിരീക്ഷിക്കുകയും നിർദ്ദേശം നൽകുകയും ചെയുന്നു. അതിന്റെ ഫലമാണ് നഗരങ്ങളിൽ ഗതാഗത കുരുക്ക് ഇല്ലാത്തതും, ട്രാഫിക് നിയമ ലംഘനം നടക്കാത്തതും, വഴിയരികിൽ മാലിന്യകൂമ്പാരം കാണാത്തതും.
ഗതാഗതനിയന്ത്രണം; അഴിമതി ക്യാമറകൾ അല്ല, അത്യാധുനീക ക്യാമറകൾ
ഗതാഗത നിയമ ലംഘനം കാണുന്ന ഉടൻ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പോകുന്ന നിർദ്ദേശം നഗരത്തിലെ ആ കേന്ദ്രത്തിൽ മൈക്കിലൂടെ മുഴങ്ങുന്നു. ഡ്യൂട്ടി പോലീസിനും തത്സമയം ലഭിക്കുന്നു. നഗരത്തിൽ പ്രവേശിക്കുന്ന ഓരോ വ്യക്തികളുടെയും ഫോട്ടോ നിരീക്ഷണ ക്യാമറ ഒപ്പിയെടുക്കുകയും, മുഖം മറച്ചവരുടെ മറ നീക്കിയുള്ള ചിത്രങ്ങൾ തയാറാക്കാനുള്ള ആധുനിക സാങ്കേതിക വിദ്യ അതിൽ അടങ്ങിയിരിക്കുന്നു. നൂതന സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിൽ യുപിയും യോഗിയും വളരെ മുന്നിലാണ്.
ഇവിടെ എലത്തൂരിൽ തീവണ്ടിയിൽ ഭീകര ആക്രമണം നടത്തിയ പ്രതിയുടെ രേഖാ ചിത്രത്തിനായി എത്ര നാൾ കാത്തിരുന്നു എന്നത് ഓർക്കുമ്പോൾ സാങ്കേതിക വിദ്യയുടെ ആവിഷ്കാരത്തിൽ നാം എത്ര പുറകിലാണെന്നു ഓർത്തുപോകുന്നു. അതുപോലെ കേരളത്തിലെ നഗരങ്ങളിലെ ഗതാഗത കുരുക്കും,നഗരങ്ങളിലെ മാലിന്യ കൂമ്പാരവും കാണുമ്പോൾ ആരും പറഞ്ഞുപോകും നാം ഇതിൽ യുപിയെ കണ്ടു പഠിക്കേണ്ടതുണ്ട്.
നഗര വികസനത്തിൽ വിഷൻ 2047
നഗര വികസനത്തിൽ വിഷൻ 2047 ആണ് യുപിയിൽ നടപ്പിലാക്കുന്നത്. ആ നഗരത്തിൽ 2047ൽ വരാൻ സാധ്യമായ ജനങ്ങൾ, വാഹനങ്ങൾ, വികസന സങ്കൽപ്പം എന്നിവയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നഗര വികസനമാണ് നടപ്പിലാക്കുക. നമ്മുടെ നാട്ടിൽ റോഡ് ടാർ വർക്ക് കഴിഞ്ഞു പൈപ്പ് ലൈനുകൾക്കായി വെട്ടിപൊളിക്കുന്നതും, അത് ഒരുവിധം പരിഹരിച്ചാൽ പിന്നീട് കേബിളിനു ചാലുകീറുന്ന വികസനവും കാണുമ്പോൾ യോഗിയുടെ നഗര വികസന കാഴ്ചപ്പാടിനെ നമിച്ചേ മതിയാവു.
ഓരോ ജില്ലയും അവരുടെ തനതായ പരമ്പരാഗതമായ ഉത്പന്നത്തിന്റെ ഉന്നമനത്തിനായി സർക്കാർ നൽകുന്ന സാമ്പത്തിക സഹായവും, സാങ്കേതിക സഹായവും എടുത്തുപറയേണ്ടതാണ്. അങ്ങനെ യുപിയിലെ ഓരോ ജില്ലയിൽ നിന്നും അവരുടെ തന്നതായ ഉത്പന്നങ്ങൾ ലോക വിപണിയിൽ വിജയം കൈവരിക്കുന്നു. അനേകായിരങ്ങൾ സംരംഭകരാവുന്നു. അതിലൂടെ ലക്ഷകണക്കിന് പേർക്ക് തൊഴിൽ ലഭിക്കുന്നു.
നമ്മുടെ പാരമ്പരാഗത വ്യവസായങ്ങളായ കൈത്തറിയും, കശുവണ്ടി വ്യവസായവും, കയർ മേഖലയും തകർന്ന് തരിപ്പണമാകുമ്പോൾ,തൊഴിലാളികൾ പട്ടിണിയിലാവുമ്പോൾ, സംരംഭകർ ആത്മഹത്യയുടെ വക്കിലാകുമ്പോൾ യോഗി ആദിത്യനാഥിന്റെ ഇച്ഛാശക്തിയെ അസൂയയോടെ നോക്കിപ്പോകും.
സ്ത്രീശാക്തീകരണം; സ്വയം സഹായ സംഘങ്ങളിൽ നിന്ന് വ്യവസായ സംരഭങ്ങൾ
സ്ത്രീ ശാക്തീകരണത്തിനായി രൂപീകരിച്ച സ്വയംസഹായ സംഘങ്ങൾ ഒരുമിച്ചു ചേർന്നു നിർമിക്കുന്ന വ്യവസായ സംരംഭങ്ങൾ മാതൃകാപരമാണ്.അവക്ക് പ്രവർത്തിക്കാൻ ആവശ്യമായ ബിൽഡിങ്, മൂലധനം എന്നിവ സർക്കാർ നൽകുന്നു. അത്തരത്തിൽ തൊണ്ണൂറ് സംഘങ്ങൾ ചേർന്നു ഉത്പാദിപ്പിക്കുന്ന കുട്ടികൾക്കുള്ള പോഷക ആഹാര ഉത്പന്നങ്ങൾ സർക്കാർ അങ്കണവാടികൾ വഴി ഒരു ബ്ലോക്കിൽ വിതരണം ചെയുന്നു. അതിന്റ ലാഭ വിഹിതം സ്വയം സഹായ സംഘങ്ങൾക്കു ലഭിക്കുകയും, തൊഴിൽ ലഭിക്കുകയും ചെയുന്നു.
ഗ്രാമീണ മേഖലയിൽ മുൻകാലങ്ങളിൽ വിദ്യാഭ്യാസപരമായി പുറകിൽ നിന്ന യുപിയിലെ ഗ്രാമീണ വിദ്യാലയങ്ങൾ ഇന്ന് കെട്ടിലും മട്ടിലും മാറിയിരിക്കുന്നു. സർക്കാർ വിദ്യാലയങ്ങൾ കോൺവെന്റ്് വിദ്യാലയങ്ങളെക്കാൾ മെച്ചപ്പെട്ട അടിസ്ഥാന സൗകാര്യങ്ങൾ, ഡിജിറ്റൽ ക്ലാസ്സ് മുറികൾ, ദേശാഭിമാ നികളുടെ ചിത്രങ്ങളാൽ അലങ്കരിച്ച ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് പോഷക സമ്പന്നമായ ഉച്ചഭക്ഷണം, സൗജന്യമായി വസ്ത്രങ്ങൾ, ഷൂ, ടൈ എന്നിവയും നൽകുന്നു. വിദ്യാഭ്യാസരംഗത്ത് ഗ്രാമീണ മേഖയിൽ ഉത്തർ പ്രദേശ് വിപ്ലവം സൃഷ്ടിക്കുന്നു.
തെരുവിൽ ഉപേക്ഷിക്കുന്നതും അലഞ്ഞു തിരിയുന്നതുമായ പശുക്കളെ സംരക്ഷിക്കുന്നതിനായി നിർമിച്ച ഗോശാലകളിൽ ഓരോന്നിലും പതിനായിരത്തോളം പശുക്കൾ ഉണ്ട്. അങ്ങനെ വിവിധ ഭാഗങ്ങളിലായി നിരവധി ഗോശാലകൾ. അവിടെ നിന്നും ലഭിക്കുന്ന പാലിൽ നിന്നും ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്നു. പാൽ ഉത്പാദന രംഗത്ത് ഉത്തർ പ്രദേശ് വളരെ മുന്നിലാണ്. ചാണകം ഉണക്കി കത്തിക്കാനുള്ള ഇന്ധനമായി വിൽക്കുന്നു. വടക്കേ ഇന്ത്യയിൽ മൃതശരീരം ദഹിപ്പിക്കാൻ ഇത് ഉപയോഗിക്കുക പതിവാണ്. നാമാകട്ടെ അന്യനാട്ടിൽ നിന്നും വരുന്ന മായം ചേർന്നപാൽ വാങ്ങി സ്വന്തം കുഞ്ഞുങ്ങൾക്ക് നൽകുകയും പശു പരിപാലനം നടത്തി ശുദ്ധപാൽ നൽകുന്നവരെ കളിയാക്കുകയും ചെയ്യുന്ന ചിത്രവും മനസിലൂടെ കടന്നുപോയി.
കാഷായ വേഷധാരിയായി, ആ വലിയ മനുഷ്യൻ!
ചുരുങ്ങിയ ദിവസത്തിനിടയിൽ പരിമിതമായ സമയത്തിൽ കണ്ടറിഞ്ഞതിൽ ഓർമയിൽ തങ്ങി നിൽക്കുന്നതാണ് പറയാൻ ശ്രമിച്ചത്. എല്ലാ രംഗങ്ങളിലും വൻ കുതിപ്പിന് നേത്വത്വം നൽകുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനും അദ്ദേഹത്തിന്റെ പ്രാതൽ സൽകാരത്തിനും അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ഓഫീസിൽ മീറ്റിംഗ് മേശയ്ക്ക് ഇരുവശത്തുമായി ഇരുപ്പുറപ്പിച്ച ഞങ്ങൾ അദ്ദേഹത്തിന്റെ വരവിനായി ഏതാനും നിമിഷങ്ങൾ കാത്തിരുന്നപ്പോൾ എന്റെ മനസ്സിൽ ആകാംഷ നിറിഞ്ഞു.
ഇന്ന് ഭാരതത്തിലെ അതി സുരക്ഷാപട്ടികയിലുള്ള വ്യക്തി, കുപ്രസിദ്ധ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തെ പുഷ്പം പോലെ നിയന്ത്രിച്ച കരുത്തൻ അദ്ദേഹത്തിന്റെ കടന്നുവരവ് എപ്രകാരമാണോ ആവോ എന്നുള്ള ചിന്തകൾ വന്നുപോകുന്നതിനിടയിൽ വളരെ സൗമ്യനായി അദ്ദേഹം കടന്നുവന്നു. കാഷായ വേഷധാരിയായി, ചെറിയ ഉടലോട് കൂടിയ ആ വലിയ മനുഷ്യൻ ഞങ്ങളുടെ നടുവിൽ നില ഉറപ്പിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ തെളിഞ്ഞ വാക്കുകളോടെ ഉത്തർപ്രദേശിനെ കുറിച്ചും, നടപ്പിലാക്കുന്ന വികസന പദ്ധതികളെ കുറിച്ചും വളരെ സൗമ്യമായി തുടങ്ങിയ വാക്കുകൾ.. പിന്നീട് അദ്ദേഹം പറയുകയായിരുന്നില്ല അറിയാതെ അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും പരിശുദ്ധമായ ഗംഗാപ്രവാഹം പോലെ നിർഗളിക്കുകയായിരുന്നു.
ആ യോഗേന്ത്ര നയനങ്ങൾ ഏതോ അനന്തതയിൽ വിലയം പ്രാപിക്കുന്നതായി തോന്നി. കാശിയും അയോദ്ധ്യ യും ലോകത്തിന്റെ നെറുകയിൽ പുണ്യനഗരമായി ഉയർത്തപെടുമെന്നും, ഉത്തർ പ്രദേശിലെ വ്യാവസായിക വളർച്ചയും, വിദ്യാഭ്യാസ പുരോഗതികൾ, റോഡ് വികസനം, ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് ആശുപത്രി, അങ്ങനെ അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികൾ… ആ വാക്പ്രവാഹം മണിക്കൂറുകൾ നീണ്ടു…
അതെ.. ഉത്തർപ്രദേശ് ഒരുപാട് മുന്നിലാണ്. യോഗി അതിനു നേതൃത്വം നൽകുക മാത്രമല്ല അതിനായി അവതാരമെടുത്തു കർമ്മ നിരതനാവുകയാണെന്നു തോന്നിപോയി. യോഗം കഴിഞ്ഞ് അദ്ദേഹം നൽകിയ ഉപഹാരവുമായി ഞങ്ങൾ പുറത്തുകടന്നു. വാഹനത്തിൽ വരുമ്പോൾ ഓഫീസിനു മറുവശത്തെ റോഡിലൂടെ മുഖ്യമന്ത്രിയെയും വഹിച്ചുള്ള വാഹനവ്യൂഹം. ഇത്രയും സുരക്ഷാ പ്രശ്നമുണ്ടെന്നു പറയപ്പെടുന്ന യുപി മുഖ്യമന്ത്രി ചുരുങ്ങിയത് നാൽപതോ, അമ്പതോ അകമ്പടി വാഹനവ്യൂഹം പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിലൂടെ നാലോ അഞ്ചോ വാഹന അകമ്പടിയോടെ യോഗി ആദിത്യനാഥിന്റെ യാത്ര തുടർന്നു.
ഞങ്ങളും ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലേക്കുള്ള വിശാലമായ എക്സ്പ്രസ്സ് ഹൈവേ യിലൂടെ…. ഒരുകാര്യം ഉറപ്പാണ് ആ ആദിത്യന്റെ വികസന കിരണങ്ങൾക്ക് മുന്നിൽ നമ്മുടെ നാട്ടിലെ ഊതിവീർപ്പിച്ച വികസന ബലൂണുകൾ ഓരോന്നായി പൊട്ടിതുടങ്ങി.
എഎൻ അനുരാഗ്
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്
Discussion about this post