തിരുവനന്തപുരം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട വന്ദന ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാൽ, അത് പൊളിച്ച് അകത്തുകടന്നാണ് മാതാപിതാക്കൾ എത്തുന്നതിന് മുമ്പ് നാട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. നിരവധി പേരാണ് വന്ദനയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും കരച്ചിൽ അടക്കിപിടിക്കാൻ പാടുപെടുകയായിരുന്നു. നിയന്ത്രണം വിട്ട് ആത്മമിത്രങ്ങളിൽ പലരും നിലവിളിയോടെയാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.
കടുത്തുരുത്തി മാഞ്ഞൂരിലെ വീട്ടിലേക്കാണ് വന്ദനയുടെ മൃതദേഹമെത്തിച്ചത്. കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് കൊല്ലപ്പെട്ട വന്ദന. മകൾ ഗുരുതരാവസ്ഥയിലാണെന്ന് അറിയാതെയാണ് മാതാപിതാക്കൾ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. യാത്രയിലാണ് മരണവിവരം അറിയുന്നത്.
ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അദ്ധ്യാപകൻറെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റു 2 പേർക്കും കുത്തേറ്റിരുന്നു. സംഭവത്തിൽ നെടുമ്പനയിലെ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് സന്ദീപുള്ളത്.
Discussion about this post