ബംഗളൂരു: കർണാടകയിൽ വ്യോമസേനയുടെ ട്രെയിനർ വിമാനം തകർന്ന് വീണു. സംഭവസമയം വിമാനത്തിൽ രണ്ട് പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. പാരച്യൂട്ട് ഉപയോഗിച്ച് രണ്ട് പൈലറ്റുമാരും സുരക്ഷിതരായി നിലത്തിറങ്ങി. ബെംഗളൂരുവിൽ നിന്ന് 136 കിലോമീറ്റർ അകലെ ചാംരാജ് നഗർ ജില്ലയ്ക്ക് സമീപമാണ് വിമാനം തകർന്നുവീണത്. വ്യോമസേനയുടെ ഈ പരിശീലന വിമാനത്തിൽ പാൽ, ഭൂമിക എന്നീ പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബോർഡ് ഓഫ് എൻക്വയറി ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. വിമാനം പൂർണമായി കത്തിയമർന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post