ഒരു ചെറിയ ബാഗ് ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്! അപ്പോളതൊരു സാധാരണ ബാഗ് അല്ലെന്ന് ഊഹിക്കാം. ചെറുതെന്ന് പറഞ്ഞാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തത്ര ചെറുത്, ഒരു ഉപ്പുതരിയേക്കാള്‍ ചെറുതെന്ന് പറയാം. ഓണ്‍ലൈന്‍ ലേലത്തില്‍ 63,000 ഡോളറിനാണ് ഈ ഡിസൈനര്‍ ബാഗ് വിറ്റുപോയത്. ജനപ്രിയമായ ലൂയിസ് വിട്ടണ് ഡിസൈനിലാണ് ഫ്ളൂറസെന്റ് മഞ്ഞ കലര്‍ന്ന പച്ചനിറമുള്ള ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലുള്ള കലാ സംരംഭമായ MSCHF ആണ് ഈ ബാഗിന്റെ നിര്‍മ്മാതാക്കള്‍.
0.03 ഇഞ്ചിലും കുറവ് വീതിയാണ് ബാഗിനുള്ളത്. ഈ മാസം ആദ്യം MSCHF ഈ ബാഗിന്റെ ഫോട്ടോ അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു സൂചിയുടെ വിടവിലൂടെ കയറ്റാന്‍ കഴിയുന്നത്ര നേര്‍ത്തതാണ് ഈ ബാഗെന്നും ഒരു ഉപ്പുതരിയേക്കാള്‍ ചെറുതാണെന്നുമാണ് അന്ന് അവര്‍ ഫോട്ടോയ്ക്ക് തലക്കെട്ടായി നല്‍കിയിരുന്നത്. വലിയ ഹാന്‍ഡ്ബാഗുകളും സാധാരണവലുപ്പത്തിലുള്ള ഹാന്‍ഡ്ബാഗുകളും ചെറിയ ഹാന്‍ഡ്ബാഗുകളും ഉണ്ടെങ്കിലും മിനിയേച്ചര്‍ ഹാന്ഡ്ബാഗുകകളിലെ അവസാന വാക്ക് ഈ ബാഗായിരിക്കുമെന്നും അന്നവര്‍ അവകാശപ്പെട്ടിരുന്നു.
രസകരമായ വസ്തുതയെന്തെന്നാല്‍ ബാഗ് ലേലത്തില്‍ വിറ്റപ്പോള്‍ വാങ്ങുന്നയാള്‍ക്ക് ബാഗ് കാണുന്നതിനായി ഒരു ഭൂതക്കണ്ണാടിയും ഡിജിറ്റല്‍ ഡിസ്പ്ലേയും ഒപ്പം നല്‍കിയിരുന്നു. ലൂയിസ് വിറ്റണിന്റെ അടയാളമായ ‘LV’ മോണോഗ്രാമും ബാഗില്‍ മുദ്രകുത്തിയിട്ടുണ്ട്. പൂര്‍ണ്ണ വലുപ്പത്തിലുള്ള LV ബാഗുകള്‍ക്ക് 3,100-4,300 ഡോളര്‍ വിലയുണ്ട്.
മൈക്രോ അളവിലുള്ള പ്ലാസ്റ്റിക് ഭാഗങ്ങള്‍ 3D പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന റ്റു-ഫോട്ടോ പോളിമെറൈസേഷന് ഉപയോഗിച്ചാണ് ബാഗ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ സ്ഥാപിതമായ MSCHF, വിചിത്രമായ ലേലങ്ങളിലൂടെയും സൃഷ്ടികളിലൂടെയും ഇതിന് മുമ്പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ സാത്താന് ഷൂ വിന്റെ പേരില്‍ പ്രസിദ്ധ ബ്രാന്‍ഡായ നൈക്കി ഈ സ്ഥാപനത്തിനെതിരെ കേസ് കൊടുത്തിരുന്നു. 666 ജോഡി സ്നീക്കറുകള്‍ക്ക് സാത്താന് അടയാളങ്ങളും യഥാര്‍ത്ഥത്തിലുള്ള രക്തവും ഉപയോഗിച്ച് രൂപമാറ്റം വരുത്തിയതിന്റെ പേരിലായിരുന്നു ഇത്. കോടതിയിലാണ് ഈ കേസ് തീര്‍പ്പായത്. 2021ല്‍ വില കൂടിയ നാല് ബ്രിക്കിന് ബാഗുകള്‍ കീറി ചെരുപ്പ് ഉണ്ടാക്കി ഒരു ജോഡി 760,000 ഡോളറിന് ഈ കമ്പനി വിറ്റിരുന്നു.
Discussion about this post