ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ് കൊല്ലം പട്ടണത്തിലേക്ക് എടുത്തെറിയപ്പെട്ടത്. കോളേജിൽ മിക്കപ്പോഴും സമരമാണ്. സ്വാശ്രയസമരം വിളനിലം സമരം എന്നിങ്ങനെ എന്തെങ്കിലും കാരണങ്ങൾ സമരം ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് എട്ടുമണി മുതൽ അഞ്ചുമണി വരെ ചുമ്മായിരിക്കുകയാണ്. സിനിമ കാണാൻ കാശുമില്ല താൽപ്പര്യവുമില്ല.
അപ്പോഴാണ് കൊല്ലം പബ്ളിക് ലൈബ്രറിയെപ്പറ്റി കേട്ടത്.
ശ്രീമതി ചന്ദ്രക്കലാ എസ് കമ്മത്തായിരുന്നു എൻ്റെ നാട്ടിലെ സ്കൂളിലെ ഹെഡ്മിസ്ട്രസ്. പബ്ളിക് ലൈബ്രറി അംഗത്വം ലഭിക്കാൻ ഗസറ്റഡ് ഓഫീസർ റെക്കമൻ്റ് ചെയ്യണം. ഫോമുമായി ടീച്ചറുടെ മുറിയിൽ കയറിയത് എൻ്റെ ബന്ധുവായ ഒരു അദ്ധ്യാപകനൊപ്പമാണ്. “എടുക്കുന്ന പുസ്തകം കൃത്യമായി തിരികെക്കൊണ്ടു കൊടുക്കണം കേട്ടോ…ഇന്ന് ഇന്ത്യയിൽ ഒരിടത്തും ഇത്ര നല്ല ലൈബ്രറി ഉണ്ടാവില്ല” ഒപ്പിടുമ്പോൾ പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു. മാസികത്താളുകളിൽ കണ്ട പേർ എൻ്റെ കൈയ്യിലിരിക്കുന്ന ഫോമിൽ ഒപ്പായിക്കിടക്കുന്നത് അത്ഭുതത്തോടെ പലതവണ നോക്കിയതോർക്കുന്നു.
ഗ്രന്ഥശാലയെന്നാൽ ഒരു പൊടിപിടിച്ച മുറിയിലെ അലമാരകളിലുറങ്ങുന്ന ചുരുക്കം പുസ്തകങ്ങളാണെന്ന് വിചാരിച്ചു വച്ചിരുന്ന എനിക്ക് ന്യൂയോർക്കിലോ പാരീസിലോ എത്തിപ്പെട്ട ഒരു ഗ്രാമീണൻ്റെ പകപ്പായിരുന്നു പബ്ളിക് ലൈബ്രറിയിൽ ചെന്നു കയറിയപ്പോൾ. രണ്ട് നിലകൾ നിറയേ നൂറുകണക്കിന് റാക്കുകൾ. അതിൽ നിരന്നിരിക്കുന്ന പുസ്തകങ്ങൾ!
പുസ്തകങ്ങളല്ല, റാക്ക് കണക്കിനാണ് വായിച്ചത്. ഇന്ന പുസ്തകം എവിടെയിരിക്കുന്നു എന്ന് ഗ്രന്ഥശാലാധികാരിയേക്കാൾ അറിവുണ്ടായിരുന്ന സമയം. കസേരയിലിരുന്നല്ല റാക്കുകളുടെ കീഴെയിരുന്നും കിടന്നുമാണ് വായിക്കുക. അവിടെക്കിടന്നുറങ്ങിപ്പോവും. പലപ്പോഴും വൈകിട്ട് പൂട്ടുമ്പോൾ വാച്ചർ വിളിച്ചുണർത്തി വിട്ടിട്ടുണ്ട്.
ചില ദിവസങ്ങളിൽ അവിടെ ഒരു കോണ്ടസാ കാറിൽ വന്നിറങ്ങുന്ന നീണ്ടു കൊലുന്ന അലക്കിത്തേച്ച ഖദർ ധാരിയായ ഒരു മനുഷ്യനെ കാണാം. കാണുന്ന എല്ലാവരും ബഹുമാനത്തോടെ നമസ്കാരം പറയും. ഒരു ചെറുപുഞ്ചിരിയോടെ പ്രത്യഭിവാദനം ചെയ്ത് നടന്ന് പോകുന്ന ഒരു സുന്ദരനായ മനുഷ്യൻ. മുകൾ നിലയിലെ ഏതെങ്കിലും പരിപാടികൾക്കായാവും വരിക.
ആരോ പറഞ്ഞു…രവി മുതലാളി.
രവി മുതലാളിയെന്ന പേരറിയാം. കാരണം നാട്ടിലെ മിക്കവരുടേയും തൊഴിൽ ദാതാവാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ രണ്ടാനമ്മ എൻ്റെ നാട്ടുകാരിയായിരുന്നു. ചെറുപ്പ കാലത്ത് അമ്മ മരിച്ചുപോയ അദ്ദേഹത്തേയും സഹോദരരേയും വളർത്തിയത് ആ അമ്മൂമ്മയാണത്രേ. പ്രസവിച്ചില്ലെങ്കിലും അമ്മയായ ആ അമ്മ പറഞ്ഞാൽ എന്തും കേൾക്കും വെണ്ടർ കൃഷ്ണപിള്ളയുടെ മക്കൾ എന്നാണ് നാട്ടിലെ വർത്തമാനം. ഒരോ തവണ രവിമുതലാളി അമ്മയെ കാണാൻ വരുമ്പോഴും അയലത്തും നാട്ടിലുമുള്ള ഒരോ ചെറുപ്പക്കാർ അണ്ടിയാപ്പീസ് മാനേജർമാരായി കൊല്ലത്തേക്ക് വണ്ടി കയറി.
പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള മനുഷ്യർ ആയിരവും രണ്ടായിരവും തൊഴിലാളികളെ നോക്കിക്കാണുന്ന മേൽവിചാരിപ്പുകാരായും ഗുമസ്തന്മാരായും ഒക്കെ കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശത്തും ജോലിയെടുത്തു. ചിലർ ആഫ്രിക്കയിയിലേക്കും വിയറ്റ്നാമിലേക്കും യാത്രചെയ്ത് അവിടത്തെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന് കശുവണ്ടി വാങ്ങുന്ന ക്രേതാക്കളായി. മലയാളമൊഴിച്ച് മറ്റൊരു ഭാഷയും സംസാരിക്കാത്ത അവർ സ്വാഹിലിയും സോമാലിയും മുതൽ പേരുപോലുമറിയാത്ത ഭാഷകളിൽ വിനിമയങ്ങൾ നടത്തി. അവർക്കെല്ലാം ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ. രവിമുതലാളി മാത്രം. മുതലാളിയുടെ കഥകളും കാരുണ്യവും മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
കള്ള് കുടിച്ച് കമ്പനിയിൽ വഴക്കുണ്ടാക്കിയതിന് പറഞ്ഞു വിട്ടയാളുടെ മകളുടെ വിവാഹത്തിന് വീട്ടിൽ പണമെത്തിക്കുന്ന മുതലാളി. അസുഖം വന്ന കുഞ്ഞിൻ്റെ കാര്യത്തിന് കണക്ക് നോക്കാതെ ചികിത്സിപ്പിച്ച മുതലാളി. തൻ്റെ കമ്പനിയിലെ തൊഴിലാളികളെ കേവലം ശമ്പളക്കാരല്ലാതെ കാണുന്ന മുതലാളി. ഇനി ആരെങ്കിലും അൽപ്പം കട്ടോണ്ടുപോയി എന്ന് പറയുന്ന ചെക്കർമാരോട് ‘ആരെ നിർത്തിയാലും അവന്മാർ ചില്ലറ കളവൊക്കെ നടത്തും ഇതിപ്പൊ ഇവൻ എത്ര കക്കും എന്ന് നമുക്കറിയാം. അവൻ്റെ കുടുംബത്തോട്ട് കൊണ്ടുപോവുകയാണേൽ പിള്ളേർക്ക് നല്ല ജീവിതം കിട്ടുമല്ലോ. കള്ള് കുടിച്ച് കളയുന്നോ എന്ന് നോക്കിയാൽ മതി’ എന്ന് പറയുന്ന ഒരു മുതലാളി!
അദ്ദേഹത്തിൻ്റെ അച്ഛനും കൊല്ലത്തെ പ്രമുഖ വ്യവസായിയുമായിരുന്ന വെണ്ടർ കൃഷ്ണപിള്ള അന്തരിക്കുമ്പോൾ രവിമുതലാളി മെഡിസിനു പഠിക്കുകയായിരുന്നു. പഠനം പാതിവഴിക്ക് വിട്ട് അച്ഛൻ്റെ ഒന്നോ രണ്ടോ വ്യവസായശാലകൾ നോക്കിനടത്താൻ തിരികെവന്ന രവീന്ദ്രനാഥൻ നായർ ആ കുടിൽ വ്യവസായത്തെ ഏതാണ്ട് ഇരുനൂറോളം ഫാക്ടറികളുടെ സാമ്രാജ്യമാക്കി മാറ്റി. വ്യവസായമേഖലയിൽ അദ്ദേഹത്തിൻ്റെ കുതിച്ചുകയറ്റം അത്ഭുതാവഹമായിരുന്നു. മുതലാളിയെന്ന വാക്ക് ഇടത് കേരളം അശ്ലീലമായി താറടിക്കും മുൻപ് ഇന്ന് നാം പറയുന്ന സംരംഭകത്വത്തിൻ്റെ മറുകര കണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. കശുവണ്ടിപ്പരിപ്പ് മാത്രമല്ല, അനുബന്ധമായി തോടിൽ നിന്ന് അസംസ്കൃതവസ്തുക്കൾ മുതൽ ഇന്ധനം വരെ നിർമ്മിക്കുന്ന വ്യവസായശാലകൾ അദ്ദേഹത്തിനുണ്ടായിരുന്നു. കേരളം തമിഴ്നാട് ആന്ധ്രാപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലായി പടർന്ന വ്യവസായസാമ്രാജ്യം. ചിന്നക്കടയിലെ വ്യാപാരസമുച്ചയങ്ങൾ, തീയറ്ററുകൾ, അന്തർ സംസ്ഥാന ലോജിസ്റ്റിക്സ് ശൃംഘല, ഹോട്ടലുകൾ തുടങ്ങി സകലമേഖലയിലും അദ്ദേഹം സജീവമായി. തൊട്ടതിലെല്ലാം വിജയം നേടി.
സിനിമാ നിർമ്മാണത്തെപറ്റിയാണ് എല്ലാവരും പറയുന്നത്. രവീന്ദ്രനാഥൻ നായരെന്ന രവി മുതലാളി അച്ചാണി രവിയായി മാറിയതും അതോടെയാണ്. 1967ൽ ശ്രീ പി ഭാസ്കരൻ സംവിധാനം ചെയ്ത അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയോടെയാണ് രവി മുതലാളി നിർമ്മാതാവായത്. സാധാരണ നിർമ്മാതാക്കളേപ്പോലെ വലിയ കോമേഴ്സ്യൽ ചിത്രങ്ങളെടുത്ത് പണമുണ്ടാക്കുകയും അവസാനം തകർച്ച പറ്റുകയും ചെയ്ത നിർമ്മാതാവായിരുന്നില്ല അദ്ദേഹം. സിനിമയുടെ മായികവലയങ്ങളിലൊന്നും അദ്ദേഹം പെട്ടു പോയില്ല. സരസ്വതീ ദേവിയെ ഉപാസിച്ചു. വിജയ ലക്ഷ്മീ ദേവി കൈവെടിഞ്ഞതുമില്ല.
അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങി ഇന്ത്യൻ ചലച്ചിത്രകലയെ ലോകത്തോളമുയർത്തിയ മഹാരഥരുടെ പിന്നിൽ ഉറച്ച് നിന്നത് അദ്ദേഹമാണ്. ലാഭം നോക്കിയായിരുന്നില്ല ചലച്ചിത്ര നിർമ്മാണം.. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങി മലയാളത്തെ ലോകത്തോളമെത്തിച്ച എത്രയെത്ര ചിത്രങ്ങൾ!
എഴുതിത്തുടങ്ങിയപ്പോൾ കൊല്ലം പബ്ളിക് ലൈബ്രറിയിൽ ചിലവഴിച്ച കൗമാരത്തെക്കുറിച്ചാണ് സ്വയം പുകഴ്ത്തൽ തുടങ്ങിയത്. അത് പറഞ്ഞത് വേറൊന്നിനുമല്ല. ആ പബ്ളിക് ലൈബ്രറി ഉണ്ടാക്കിയത് രവിമുതലാളിയാണ്. അച്ചാണിയെന്ന സിനിമയുടെ നിർമ്മാണത്തിൽ നിന്ന് ലഭിച്ച ലാഭമായിരുന്നു അദ്ദേഹം അതിനായി വിനിയോഗിച്ചത്. നാലുലക്ഷം മുടക്കി, പതിനാലു ലക്ഷം ലാഭം നേടി. പബ്ളിക് ലൈബ്രറിയുണ്ടായി.
മൂന്ന് നിലകളിലായി ലോകോത്തര പുസ്തകങ്ങളുടെ ഒരു സംഗമസ്ഥാനം. പരിപാടികൾ നടത്താനുള്ള കോൺഫറൻസ് ഹാൾ. ഞാൻ അവിടെ ചെല്ലുന്ന സമയം ലോകത്ത് ഇൻ്റർനെറ്റ് എന്ന ഒരു സവിധാനം പ്രയോഗത്തിൽ വരുന്നതേയുള്ളൂ. അതും മറ്റെവിടെയെത്തുന്നതിനേക്കാളും മുൻപേ ആ ലൈബ്രറിയിൽ എത്തി. പാശ്ചാത്യ ലോകത്തെ പ്രധാന ഗ്രന്ഥശാലകളോട് കിടപിടിക്കാവുന്ന ഒരു പുസ്തക ‘സർവകലാശാല’. കേരള സർവകലാശാലയുമായി ചേർന്ന് ഗവേഷണവിഭാഗവും അവിടെ പ്രവർത്തിക്കുന്നു എന്നാണോർമ്മ. എല്ലാം ഈ ഒരു മനുഷ്യൻ്റെ ദീർഘവീക്ഷണമാണ്.
ഗ്രന്ഥശാല മാത്രമല്ല, അതിനു ശേഷം അതിനോട് ചേർന്ന് സോപാനം ഓഡിറ്റോറിയം നിർമ്മിച്ചു. ഒരു ഓഡിറ്റോറിയം നിർമ്മിക്കുന്നതിൽ എന്താണ് വലിയ കാര്യമെന്ന് ചോദ്യം ഉണ്ടെങ്കിൽ ശങ്കരപ്പിള്ള മുതൽ കാവാലം വരെയുള്ളവരുടെ നാടകക്കളരികൾ, ചലച്ചിത്രക്കൂടായ്മകൾ, ചിത്ര ശിൽപ്പ പ്രദർശനങ്ങൾ തുടങ്ങി കലാസാംസ്കാരിക ജീവിതത്തിൻ്റെ കളരിയായിരുന്നു ആ ഓഡിറ്റോറിയം. മനോഹരമായ ആ കെട്ടിടം രൂപകൽപ്പന ചെയ്തത് പ്രശസ്ത ശിൽപ്പിയായ എം വി ദേവനാണ്. നാടകോത്സവങ്ങളും കഥകളിയും മുതൽ പുസ്തകപ്രകാശനങ്ങളും കച്ചേരികളും വരെ നിറഞ്ഞ് നിന്ന ആ ഓഡിറ്റോറിയത്തിൽ വച്ചാണ് എം വി ദേവനേയും നമ്പൂതിരിയേയും കാനായി കുഞ്ഞിരാമനേയും കാവാലത്തേയും ജയപാലപ്പണിക്കരേയുമെല്ലാം നേരിട്ട് കണ്ടത്. ആകാശത്തോളമുയർന്ന ആ മനുഷ്യരുടെ മുഖത്തേക്ക് അൽപ്പം മാറി നിന്ന് അത്ഭുതത്തോടെ നോക്കി നിന്നത്. കലാസാംസ്കാരിക മണ്ഡലത്തിലെ മഹാനക്ഷത്രങ്ങളായ അവരുടെയിടയിലൊക്കെ നിൽക്കുമ്പോഴും ആകാരം കൊണ്ടും പ്രകാശം കൊണ്ടും രവിമുതലാളിയുടെ മുഖം സൂര്യതേജസ്സോടെ തെളിഞ്ഞ് നിന്നു. പബ്ളിക് ലൈബ്രറി, സോപാനം കലാകേന്ദ്രം, കുട്ടികളുടെ ലൈബ്രറി, ബാലഭവൻ, ആർട് ഗാലറി..എല്ലാം രവിമുതലാളിയുടെ വീക്ഷണവും പണവുമാണ്.
സത്യസായിബാബയുടെ ശിഷ്യരായിരുന്നു ഇദ്ദേഹവും ധർമ്മപത്നി ഉഷ അമ്മയും. സായി ഭക്തരുടെ നേതൃത്വത്തിൽ നടന്ന സേവനപ്രവർത്തനങ്ങൾ വഴി എത്രയോ പേരുടെ ദുരിതത്തിൽ ഇദ്ദേഹവും ധർമ്മപത്നിയും ആശ്വാസമായി. ആ അനുഗ്രഹം ഇവരുടെ ജീവിതത്തിൽ മുഴുവൻ നിറഞ്ഞുനിന്നു എന്ന് പറയുന്നത് അതിശയോക്തിയാവില്ല. ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് നിർമ്മിച്ച് നൽകിയതും അവർ തന്നെ.
രവിമുതലാളിയുടെ തീയറ്ററായ പ്രണവം. സിമിമാ തീയറ്ററാണോ ആർട് ഗാലറിയാണോ എന്ന് സംശയം തോന്നുന്ന അതിൻ്റെ മുഖത്ത് സാക്ഷാൽ നമ്പൂതിരിയും ജയപാലപ്പണിക്കരും തീർത്ത ചുവർ ശിൽപ്പങ്ങളും ചിത്രങ്ങളുമാണുള്ളത്. സമാന്തരസിനിമകളെല്ലാം പ്രണവത്തിൽ പ്രദർശിപ്പിച്ചിരുന്നു. രവിമുതലാളിയുടെ ഏറ്റവും പുതിയ സംരംഭമായ ചിന്നക്കട നാണി എന്ന ഹോട്ടലിൻ്റെ ചുവരുകളിൽ മുഴുവൻ സാക്ഷാൽ നമ്പൂതിരി ചെമ്പിൽ തീർത്ത ലോഹഭാരതം നിറഞ്ഞ് നിൽക്കുകയാണ്. ഒരു ആർട് ഗാലറിയിൽ പോകുന്നത് പോലെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ’
പാരീസിലോ ലണ്ടനിലോ ന്യൂയോർക്കിലോ പറിച്ച് നട്ടാൽ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന കലാകേന്ദ്രങ്ങളാകും ഇവയെല്ലാം.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഗ്രാമീണവായനശാലകളുടെ ആശാകേന്ദ്രമായിരുന്നു രവിമുതലാളി. ഗ്രാമീണവായനശാലകളും ഗ്രന്ഥശാലകളും നിർമ്മിക്കാൻ ആരു സഹായം ചോദിച്ചെത്തിയാലും അദ്ദേഹം കൈയ്യയച്ച് സംഭാവന നൽകി. പുസ്തകങ്ങൾ വാങ്ങി നൽകി. വർഷാവർഷം ഗ്രാൻഡ് പോലെ പണം നൽകി.
തികഞ്ഞ ദേശീയവാദിയായിരുന്നു അദ്ദേഹം. ലളിതമായ ജീവിതവും സ്വഭാവവും. മിക്കപ്പോഴും ശുഭ്രമായ ഖാദി വസ്ത്രങ്ങൾ മാത്രം ധരിച്ചു. ശതകോടിക്കണക്കിനു ധൂർത്തടിച്ച് മുഖം മിനുക്കുന്ന കളിയിൽ നമുക്കദ്ദേഹത്തെ കാണാനാകില്ല. മുൻ നിരയിൽ നിന്നെല്ലാം പലപ്പോഴും ഒഴിഞ്ഞു നിന്നു. പൊതുപരിപാടികൾക്ക് അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്ന് സംഭാവന ലഭിക്കാൻ അദ്ദേഹത്തെ ഉത്ഘാടകനായി ക്ഷണിച്ചാൽ മതി എന്നൊരു തമാശ തന്നെ കൊല്ലത്തുണ്ട്. അല്ല, ഉത്ഘാടകനായി വിളിച്ചാൽ ആ സന്തോഷത്തിൽ അദ്ദേഹം പണം നൽകും എന്നല്ല, ‘ഉത്ഘാടകനായൊക്കെ പരിപാടിക്ക് വരാനാകില്ല പകരം പരിപാടിക്ക് സംഭാവന തരാം’ എന്നദ്ദേഹം പറയുമത്രേ. അത്രയ്ക്ക് പൊതുധാരയിൽ നിന്ന് ഒരു ഒഴിഞ്ഞ് നിൽക്കൽ അദ്ദേഹത്തിനുണ്ടായിരുന്നു. ആ നിർമമത്വം കൊണ്ട് തന്നെയാണ് കൊല്ലത്തെ ഒരേയൊരു രവിമുതലാളിയായി ഇന്നും അദ്ദേഹം നിറഞ്ഞ് നിൽക്കുന്നതും. ദ്രോഹിച്ചവരോട് പോലും വിരോധം കാട്ടിയില്ല. കൊല്ലത്തെ കശുവണ്ടി ഫാക്ടറികളിൽ ഏറ്റവും കൂടുതൽ ശമ്പളമുള്ളതും സർക്കാർ ജോലി പോലെ സ്ഥിരതയുള്ളതും രവിമുതലാളിയുടെ ഫാക്ടറികളിലായിരുന്നു. എന്നിട്ടും പലപ്പോഴും ട്രേഡ് യൂണിയനിസം അദ്ദേഹത്തിൻ്റെ വ്യവസായങ്ങളെ വരിഞ്ഞു മുറുക്കി. പക്ഷേ അവരുടെ നേതാക്കൾ പോലും ഒരിക്കലും രവിമുതലാളിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. അവർക്കതിനു കഴിയുമായിരുന്നില്ല.
ഇരുപത് കൊല്ലം മുൻപ് അദ്ദേഹത്തിന് കാൻസർ രോഗം ബാധിച്ചിരുന്നു. ചികിത്സയാലും ആത്മധൈര്യത്താലും ആ രോഗത്തെ പൂർണ്ണമായും അദ്ദേഹം കീഴടക്കി. ഇന്ന് നവതിയും കടന്ന് അനിവാര്യമായ അന്ത്യം ആ യാത്രയ്ക്കുണ്ടായിരിക്കുന്നു. വിജയലക്ഷ്മി കാഷ്യൂസ് എന്ന വി എൽ സി ഒരു ഗ്ളോബൽ ബ്രാൻഡാണിന്ന്. വ്യവസായി, സംരംഭകൻ, സാംസ്കാരികനായകൻ, സിനിമാ നിർമ്മാതാവ്, പരോപകാരി, ഗ്രന്ഥശാലാപ്രവർത്തകൻ, എഴുത്തുകാരൻ, കലാസ്നേഹി, പതിനെട്ട് ദേശീയ പുരസ്കാരങ്ങൾ, വ്യവസായ സംരംഭക മേഖലയിലെ അനേകം പുരസ്കാരങ്ങൾ….എന്തൊരു ജീവിതം!
ഈ മനുഷ്യൻ തൻ്റെ പണം ചിലവാക്കിയതുകൊണ്ടാണ് കൊല്ലത്തിനപ്പുറത്തെ വിശാലമായ ലോകത്തേക്ക് എനിക്ക് പ്രവേശനം ലഭിച്ചത്. ഈ മനുഷ്യൻ കാരണമാണ് ലോകത്തെ ഏറ്റവും മികച്ച കലാസൃഷ്ടികളിൽ ചിലതിനെ നേരിട്ടനുഭവിക്കാൻ അവസരമുണ്ടായത്. ഈ മനുഷ്യൻ കാരണമാണ് പുസ്തകങ്ങളുടെ മായികലഹരിയുടെ പെരുമഴയിൽ എൻ്റെ കൗമാരജീവിതം ഊർവ്വരമായത്. ഈ മനുഷ്യനാണ് ഞാനും എന്നെപ്പോലെയുള്ള പതിനായിരക്കണക്കിനാൾക്കാരും കൊല്ലത്തെ ഉൾനാടൻ ഗ്രാമങ്ങളുടെ പരിമിതികൾ മറന്ന് ഭൂഹൃദയ രേഖകൾ താണ്ടി ഭ്രമണചക്രങ്ങൾ കടന്ന് മൂവുലക് ചുറ്റിത്തിരികെ വരാൻ വെളിച്ചമായത്.
രവിമുതലാളിക്ക് പ്രണാമം.
സദ്ഗതിയുണ്ടാകും എന്ന് സംശയമില്ല.
നമഃശിവായ.
Discussion about this post