ന്യൂഡൽഹി: പീഡന പരാതിയിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന് ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന് പുറമേ ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമർ സിംഗിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഉപധികളോടെയാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രാജ്യം വിടരുത് എന്നതാണ് ഇതിൽ പ്രധാന ഉപാധി. പരാതിക്കാരെ കാണുകയോ, സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നും നിർദ്ദേശമുണ്ട്. ജാമ്യ തുകയായി 25,000 രൂപ കെട്ടിവയ്ക്കാൻ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷൺ നൽകിയ ജാമ്യാപേക്ഷയെ ഡൽഹി പോലീസ് എതിർത്തിരുന്നില്ല. ഇതോടെയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം കേസിൽ കഴിഞ്ഞ ദിവസം മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ബ്രിജ് ഭൂഷണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോസ് അവന്യൂ കോടതി ജാമ്യം അനുവദിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതോടെയായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post