മോസ്കോ : തടവിൽ കഴിയുന്ന അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടി റഷ്യൻ കോടതി. വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകൻ അയാണ് അലക്സി നവാൽനി അറിയപ്പെടുന്നത്. നിലവിൽ മോസ്കോയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ കിഴക്കുള്ള മെലെഖോവോയിലെ പീനൽ കോളനി നമ്പർ 6 ൽ തടവിൽ കഴിയുകയാണ് നവാൽനി. പരോൾ ലംഘനങ്ങൾ, വഞ്ചന , കോടതിയലക്ഷ്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നവാൽനിയെ ജയിലിലടച്ചിരിക്കുന്നത്. നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച 3.1 മില്യൺ യുഎസ് ഡോളർ നവാൽനി സ്വകാര്യ ആവശ്യത്തിന് വക മാറ്റി ചെലവഴിച്ചെന്നതാണ് നിലവിലുള്ള തട്ടിപ്പ് കേസ്.
ഒരു ബ്ലോഗറും മുൻ അഭിഭാഷകനും ആയിരുന്നു അലക്സി നവാൽനി. 2011 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രതിഷേധ നേതാക്കളിൽ ഒരാൾ നവാൽനി ആയിരുന്നു. പുടിനെതിരെ സ്ഥിരമായി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നവരായിരുന്നു നവാൽനിയും സംഘവും. പുടിൻ ഭരണകൂടത്തിനെതിരെ ഇവർ യൂട്യൂബിലൂടെ പുറത്തിറക്കിയിരുന്ന വീഡിയോകൾ ദശലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു കണ്ടിരുന്നത്.
2013-ൽ മോസ്കോയിലെ മേയർ തിരഞ്ഞെടുപ്പിൽ അലക്സി നവാൽനി മത്സരിച്ചിരുന്നു. പക്ഷേ 27 ശതമാനത്തോളം വോട്ട് മാത്രമാണ് നവാൽനിയ്ക്ക് നേടാനായത്. പുടിൻ അഴിമതിക്കാരൻ ആണെന്നും സ്വകാര്യമായി സ്വത്തുകൾ സമ്പാദിക്കുന്നു എന്നുമുള്ള നവാൽനിയുടെ നിരന്തരമായ ആരോപണങ്ങൾ ഇയാളെ ക്രെംലിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി. അന്താരാഷ്ട്രതലത്തിൽ നവാൽനി റഷ്യയിലെ പ്രതിപക്ഷ നേതാവായി അറിയപ്പെട്ടപ്പോൾ റഷ്യൻ ഭരണകൂടം ഇയാളെ വിദേശ ഏജന്റായും രാജിവിരുദ്ധനായും കണക്കാക്കി.
പുടിൻ നവാൽനിയെ സിഐഎയുടെ കളിപ്പാവ ആയാണ് വിശേഷിപ്പിച്ചത്. പക്ഷേ ഉദ്യോഗസ്ഥവൃന്ദം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നവാൽനിയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചു. നിയമവിരുദ്ധമായി പൊതു റാലികൾ സംഘടിപ്പിക്കുക, അഴിമതി, തട്ടിപ്പ്, വഞ്ചന എന്നിങ്ങനെയുള്ള നിരവധി കുറ്റങ്ങൾ ചാർത്തി അലക്സി നവാൽനി ആവർത്തിച്ച് തടവിലാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്തു.
അലക്സി നവാൽനിയെ റഷ്യൻ ഭരണകൂടം വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ഒരിക്കൽ ആരോപണം ഉയർന്നിരുന്നു. 2020 ഓഗസ്റ്റിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനത്തിൽ വച്ച് നവാൽനിയ്ക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം അടിയന്തര ലാൻഡിങ് നടത്തി നവാൽനിയുടെ ജീവൻ രക്ഷിച്ചു. തുടർന്ന് ബെർലിനിലേയ്ക്ക് ആണ് നവാൽനിയെ കൊണ്ടുപോയത്. റഷ്യൻ ഭരണകൂടം തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതാണ് എന്നാണ് നവാൽനി ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ബെർലിനിൽ തുടരാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2021ൽ സ്വന്തം ഇഷ്ടപ്രകാരം റഷ്യയിലേക്ക് തന്നെ മടങ്ങുകയായിരുന്നു അലക്സി നവാൽനി.
2021 ൽ അലക്സി നവാൽനിയുടെ റഷ്യയിലെ ഓഫീസുകൾ റഷ്യൻ സർക്കാർ നിയമവിരുദ്ധമായും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും പ്രഖ്യാപിച്ചു. ആഗോളതലത്തിൽ റഷ്യയിലെ പ്രതിപക്ഷ നേതാവായിട്ടായിരുന്നു അലക്സി നവാൽനി കാണപ്പെട്ടിരുന്നത്. നവാൽനിയുടെ കേസുകളുടെ വിചാരണ ഈ വർഷം ജൂണിലാണ് പൂർത്തിയായത്. മുൻപ് രണ്ടാം ലോകമഹായുദ്ധ സേനാനിയെ അപമാനിച്ചതിന് നവാൽനിയ്ക്ക് 7500 യുഎസ് ഡോളർ പിഴ ശിക്ഷ വിധിച്ച ജഡ്ജിയെ നവാൽനി അപമാനിച്ചു എന്ന മറ്റൊരു കേസും കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു. ഈ കേസുകളിലെല്ലാമായാണ് അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
Discussion about this post