അലിഗഢ്: 2024 ജനുവരി മാസം ഭക്തജനങ്ങൾക്കായി തുറന്ന് നൽകാനിരിക്കുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ടുമായി അലിഗഢ് സ്വദേശിയായ ശിൽപ്പി. 400 കിലോ ഗ്രാം ഭാരമുള്ള പൂട്ടാണ് ഇദ്ദേഹം രാമക്ഷേത്രത്തിൽ സമർപ്പിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്നത്.
മാസങ്ങളുടെ ശ്രമഫലമായാണ് താൻ ഈ പൂട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് ശ്രീരാമന്റെ തികഞ്ഞ ഭക്തനായ സത്യപ്രകാശ് ശർമ്മ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പല തരത്തിലുള്ള നേർച്ചകളാണ് ക്ഷേത്രത്തിലേക്ക് ഇപ്പോഴേ സമർപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. പൂട്ട് ക്ഷേത്രത്തിൽ എവിടെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.
പരമ്പരാഗതമായി പൂട്ടുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നവരാണ് തങ്ങളെന്ന് സത്യപ്രകാശ് ശർമ്മ പറഞ്ഞു. യന്ത്രസഹായമില്ലാതെ കൈകൊണ്ടാണ് തങ്ങൾ പൂട്ടുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ 45 വർഷങ്ങളായി താൻ ഈ മേഖലയിൽ പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
10 അടി ഉയരവും 4.5 അടി വീതിയും 9.5 ഇഞ്ച് കനവുമാണ് പൂട്ടിനുള്ളത്. നാലടി നീളമാണ് ഇതിന്റെ താക്കോലുകൾക്ക് ഉള്ളത്. ശ്രീരാമ ക്ഷേത്രം മനസ്സിൽ കണ്ടാണ് താൻ ഇത് നിർമ്മിച്ചതെന്നും ശർമ്മ പറയുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് നടന്ന അലിഗഢ് വാർഷിക പ്രദർശന മേളയിൽ പൂട്ട് പ്രദർശിപ്പിച്ചിരുന്നു. അതിന് ശേഷം പൂട്ടിൽ ചില മിനുക്കു പണികളൊക്കെ ചെയ്തിട്ടുണ്ട്. അങ്ങേയറ്റം സമർപ്പണത്തോടെയാണ് താൻ ഈ പൂട്ട് നിർമ്മിച്ചതെന്നും ഭാര്യ രുക്മിണിയുടെ സഹായവും ഇതിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം 6 അടി പൊക്കവും 3 അടി വീതിയുമുള്ള പൂട്ട് നിർമ്മിക്കാനായിരുന്നു തിരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കുറച്ചു കൂടി വലിയ പൂട്ട് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. സത്യപ്രകാശ് ശർമ്മയുടെ ഭാര്യ രുക്മിണി പറഞ്ഞു.
രണ്ട് ലക്ഷം രൂപയാണ് പൂട്ടിന്റെ നിർമ്മാണ ചിലവ്. എന്നാൽ അതിലൊന്നും കാര്യമില്ല. ഭഗവാന് മനസ് നിറഞ്ഞ് നേർച്ച സമർപ്പിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയാണ് പുണ്യമെന്ന് ദമ്പതികൾ പറയുന്നു.
അതേസമയം, 2024 ജനുവരി 21, 22, 23 തീയതികളിലായി അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post