വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് വിദേശകാര്യമന്ത്രാലയം. അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജോ ബൈഡന്റെ യാത്ര മുടങ്ങുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇന്ന് നടത്തിയ കൊവിഡ് ടെസ്റ്റിലും ജോ ബൈഡന്റെ റിസൾട്ട് നെഗറ്റീവ് ആയതോടെയാണ് വിദേശകാര്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഫലം നെഗറ്റീവാണെങ്കിലും അടച്ചിട്ട മുറികളിൽ ജോ ബൈഡൻ മാസ്ക് ധരിച്ചാവും പങ്കെടുക്കുക.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു.
നാളെയാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തുക. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ജോ ബൈഡൻ എത്തുന്നത്. ഇതിന് മുന്നോടിയായി ഈ മാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും
Discussion about this post