ചന്ദ്രയാൻ 3 ലാൻഡറിന്റെ ചിത്രം പകർത്തി നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ (എൽആർഒ). ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി തൊട്ട ബഹിരാകാശ പേടകമാണ് ചന്ദ്രയാൻ 3. ചന്ദ്രനിൽ ലാൻഡ് ചെയ്ത് നാല് ദിവസത്തിന് ശേഷം പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വളരെ ഉയരത്തിൽ നിന്ന് എൽആർഒ ക്യാമറയിൽ പകർത്തിയ ചിത്രമാണിത്.
നാസയുടെ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്നാണ് എൽആർഒയുടെ നിയന്ത്രണം. വിക്രം ലാൻഡറിന്റെ ത്രിമാന ചിത്രം ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രഗ്യാൻ റോവർ പകർത്തിയ 3ഡി ചിത്രമായിരുന്നു ഇത്. അനഗ്ലിഫ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചന്ദ്രോപരിതലത്തിന്റെ ചിത്രം പകർത്തിയത്. സ്റ്റീരിയോ അല്ലെങ്കിൽ മൾട്ടി വ്യൂ ഇമേജുകളിൽ നിന്ന് ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റെയോ ലളിതമായ ത്രിമാന രൂപം ഉണ്ടാക്കുന്നതാണ് അനഗ്ലിഫ് എന്ന് വിളിക്കുന്നത്.
Discussion about this post