കോഴിക്കോട്: നിപ ബാധിച്ച് മരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സംഘം ബുധനാഴ്ച കേരളത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുമായി ചേർന്ന അവലോകന യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 168 പേരെ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ ആളുമായി 154 പേരാണ് സമ്പർക്കത്തിലുള്ളത്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ ബന്ധുക്കളും പരിസരവാസികളുമാണ്. നൂറിലധികം പേരാണ് രണ്ടാമത്തെ ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ 10 പേരെ കൃത്യമായി കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൺട്രോൾ റൂമുകളും കോൾ സെന്ററുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കത്തിൽ വന്നവരെ ഹൈറിസ്ക് ലോ റിസ്ക് എന്നിങ്ങനെ തരംതിരിക്കാനുള്ള പ്രവർത്തനങ്ങൾ രാത്രിയോടെ ആരംഭിക്കും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുവഴി രോഗിയെ കൊണ്ടുവന്ന ആംബുലൻസ് ഉൾപ്പെടെ കണ്ടെത്തി.
എട്ടരയോടെ എൻഐവിയിൽ നിന്നും പരിശോധനാ ഫലം വരും. ഇത് പോസിറ്റീവ് ആയാൽ മറ്റ് വിവരങ്ങൾ പുറത്തുവിടും. കേരളം ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര സംഘം അടുത്ത ദിവസം സംസ്ഥാനത്ത് എത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിശദമായ സാമ്പിൾ പരിശോധനയ്ക്കായി സൗകര്യമില്ല. അതിനാൽ
പൂനെ എൻഐവിയുടെ മൊബൈൽ ടീം കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ബാറ്റ് ഫീൽഡ് ടീമും ഇവർക്കൊപ്പം ഉണ്ടാകും. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Discussion about this post