പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. പെഷവാറിലെ ഹയാതാബാദ് ജില്ലയിലെ ഷിയാ പള്ളിയില്‍ ഇരച്ചു കയറിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ തലങ്ങും വിലങ്ങളും വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു.
പള്ളിയ്ക്ക് പുറത്ത് ഗ്രനേഡ് എറിഞ്ഞും സ്ഫോടനം നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെപ്പ്. വെടിശബ്ദം കേട്ട് ഭയന്ന ജനങ്ങള്‍ ചിതറിയോടി. ഇതില്‍ ചിലരെ ഭീകര്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
സംഭവമറിഞ്ഞ് പൊലീസും സുരക്ഷാസേനയും പള്ളി വളഞ്ഞു. ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ സൈന്യം നടത്തി വരികയാണ്.
സുന്നി തീവ്രവാദികള്‍, ന്യൂനപക്ഷമായ ഷിയാ വിശ്വാസികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പാക്കിസ്ഥാനില്‍ നിത്യസംഭവമാണ്. രണ്ടാഴ്ച മുന്‍പ് സിന്ധി പ്രവിശ്യയിലെ ഷികാര്‍പൂരിലെ ഷിയാ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അറുപത് പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post