വിശാഖപട്ടണം: ദസറ ആഘോഷിക്കാൻ അനുയായികൾക്ക് പരസ്യമായി മദ്യവും കോഴിയും വിതരണം ചെയ്ത വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് വിവാദത്തിൽ. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് എതിർപ്പുയർന്നത്.
ദബാഗാർഡൻസിലെ വാർഡ് തല ഓഫീസിൽ ദൊഡ്ഡി ബാപ്പു ആനന്ദ് എന്ന പ്രാദേശിക നേതാവിന്റെ സമ്മാനമാണ് വിവാദമായത്. 180 മില്ലിയുടെ മദ്യകുപ്പിയും അഞ്ച് കോഴികളുമാണ് നൽകിയത്. ധാരാളം പേർ ഇത് വാങ്ങാനുമെത്തിയിരുന്നു.
വിശാഖ സൗത്ത് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ പെടുന്നതാണ് സ്ഥലം. പരസ്യമായി മദ്യം സമ്മാനമായി നൽകിയതിനെ നിരവധി പേർ ചോദ്യം ചെയ്തു. എന്നാൽ അനുയായികളെ സന്തോഷിപ്പിക്കുന്നത് നെഗറ്റീവ് ഘടകമല്ലെന്ന വിശദീകരണമാണ് പ്രാദേശിക നേതൃത്വം നൽകുന്നത്.
സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഒരു കിലോ മട്ടൻ ആയിരുന്നു നേതാവ് വിതരണം ചെയ്തത്.
Discussion about this post