ന്യൂഡൽഹി: ഔദ്യോഗികമായി ഇന്ത്യക്ക് പകരം ഭാരതം എന്ന പേര് ഉപയോഗിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. കേന്ദ്ര കാബിനറ്റിന് റെയിൽവേ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ ശുപാർശയിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതം എന്ന പേരിനെ പൊതുവിവക്ഷയിൽ പ്രയോഗവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഉദാഹരണമാണ് ഈ നീക്കം എന്നാണ് സൂചന.
ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് രേഖപ്പെടുത്തിയ ചരിത്രതിലെ ആദ്യ ശുപാർശയാണ് റെയിൽവേ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർക്കാർ രേഖകളിൽ ഇന്ത്യക്ക് പകരം ഭാരതം എന്ന് രേഖപ്പെടുത്തിയേക്കും എന്നാണ് വിവരം. ഭരണഘടനയിലും രാജ്യത്തിന്റെ പേര് ഭാരതം എന്ന് കൂടി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ, പ്രതിപക്ഷത്തിന്റെ എതിർപ്പിന് സാധുത ഉണ്ടാകാൻ ഇടയില്ല.
നേരത്തേ, പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാർശ എൻ സി ഇ ആർ ടി ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. വരാനിരിക്കുന്ന പുസ്തകങ്ങളിൽ ഈ മാറ്റം ഉൾപ്പെടുത്തും എന്നും എൻ സി ഇ ആർ ടി അറിയിച്ചിരുന്നു.
രാജ്യത്തിന്റെ പേര് ഭാരതം എന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ എതിർത്ത് നേരത്തേ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരുന്നു. എന്നാൽ ആസിയാൻ സമ്മേളനത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന വിശേഷണമാണ് നരേന്ദ്ര മോദി സ്വീകരിച്ചിരുന്നത്.
കൂടാതെ, ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന അത്താഴവിരുന്നിനുള്ള ക്ഷണപത്രികയിൽ ഭാരതത്തിന്റെ പ്രസിഡന്റ് എന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു രേഖപ്പെടുത്തിയിരുന്നത്. ഭാരതം എന്ന പദം പുതിയതാണ് എന്ന തരത്തിൽ വിവാദങ്ങൾ ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഭരണഘടനയിൽ തന്നെ ആ പേര് പ്രതിപാദിക്കുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.
Discussion about this post