ന്യൂഡല്‍ഹി : ഇന്ത്യ-ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് വന്‍കിട പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നദേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചു. അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക്, ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍, മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് എന്നീ പദ്ധതികളാണ് ഇരു പ്രധാനമന്ത്രിമാരും ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ സഹായത്തോടയാണ് ബംഗ്ലാദേശ് ഈ മൂന്ന് പദ്ധതികളും നടപ്പാക്കിയത്.
ഇന്ന് രാവിലെ 11 മണിയോടെ വെര്‍ച്വലായാണ് പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് ഇന്ത്യയേയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയാണ്. 392.52 കോടി രൂപയുടെ ഇന്ത്യന്‍ ഗ്രാന്റ് ബംഗ്ലദേശിന് നല്‍കിയാണ് അഖൗറ-അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക് പദ്ധതി നടപ്പാക്കിയത്. ബംഗ്ലാദേശില്‍ 6.78 കിലോമീറ്ററും വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ 5.46 കിലോമീറ്ററും ഉള്ള ഇരട്ട ഗേജ് റെയില്‍ പാത ഉള്‍പ്പെടെ 12.24 കിലോമീറ്ററാണ് റെയില്‍ ലിങ്കിന്റെ നീളം. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കുള്ളതാണ് പാത. കഴിഞ്ഞ ദിവസം ഇത് വഴി പരീക്ഷണയോട്ടവും നടന്നിരുന്നു. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തയിലേക്ക് 31 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. പുതിയ പാത വരുന്നതോടെ ഇത് 10 മണിക്കൂറായി കുറയുന്നു.
ഖുല്‍ന-മോംഗ്ല തുറമുഖ റെയില്‍ ലൈന്‍ പദ്ധതിക്കായി മൊത്തം 388.92 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവ് ചിലവായത്. കേന്ദ്ര സര്‍ക്കാര്‍ ഇളവുകളോടെ അനുവദിച്ച വായ്പാ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മോംഗ്ല തുറമുഖത്തിനും ബംഗ്ലാദേശിലെ ഖുല്‍ന മേഖലയില്‍ നിലവിലുള്ള റെയില്‍ ശൃംഖലയ്ക്കും ഇടയില്‍ ഏകദേശം 65 കിലോമീറ്റര്‍ ബ്രോഡ് ഗേജ് റെയില്‍ പാതയുടെ നിര്‍മ്മാണം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതോടെ, ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ലയെ ഇന്ത്യയുടെ ബ്രോഡ്-ഗേജ് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചട്ടോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ വഴി ചരക്ക് ഗതാഗതവും ട്രാന്‍സ് ഷിപ്പ്മെന്റും ബംഗ്ലാദേശ് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചിരുന്നു.
ബംഗ്ലദേശിലെ ഖുല്‍ന ഡിവിഷനിലെ രാംപാലില്‍ സ്ഥിതി ചെയ്യുന്ന 1,320 മെഗാവാട്ട് പ്ലാന്റാണ് മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, 1.6 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ കണ്സഷന് ഫിനാന്‍സിംഗ് സ്കീം വായ്പയ്ക്ക് കീഴിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ എന്ടിപിസിഎല്ലും ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡും തമ്മിലുള്ള സംയുക്ത സംരംഭമായ ബംഗ്ലാദേശ്-ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കിയത്.
Discussion about this post