ഡെറാഡൂൺ: ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന ടണൽ തകർന്നുവീണ് 36 തൊഴിലാളികൾ കുടുങ്ങി. യമുനോത്രി ദേശീയപാതയിൽ നിർമിച്ചുകൊണ്ടിരുന്ന ടണലാണ് ഇടിഞ്ഞുവീണത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം.
സിൽക്യാരയെയും ദാൻഡൽഗോണിനെയും ബന്ധിപ്പിക്കുന്ന മേഖലയിൽ നിർമിച്ച ടണലിന്റെ ഒരു ഭാഗമാണ് തകർന്നതെന്ന് ഉത്തരകാശി എസ്പി അർപൺ യദുവംശി പറഞ്ഞു. 200 മീറ്ററോളം ഭാഗത്താണ് ടണൽ ഇടിഞ്ഞുവീണതെന്ന് അദ്ദേഹം പറഞ്ഞു.
അകത്ത് കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പരിശോധനകൾ നടക്കുന്നത്. നിർമാണത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post