തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്ക് കേരളത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളത്. നാളെ രാവിലെയോടെ ഇത് ആന്ധ്രപ്രദേശ് തീരത്തിന് അടുത്ത് എത്തുകയും അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നവംബർ 17-ഓടെ ഈ ന്യൂനമർദ്ദം ഒഡീഷയ്ക്ക് സമീപവും 18 ന് പശ്ചിമബംഗാളിലേക്കും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
വടക്കൻ ശ്രീലങ്കയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി നവംബർ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുള്ളതാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കേരളതീരത്തെയും തെക്കൻ തമിഴ്നാട് തീരത്തെയും സമുദ്രങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
Discussion about this post