തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജരും സിപിഎം നേതാവുമായിരുന്ന എൻ ഭാസുരാംഗൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചില അസൗകര്യങ്ങളെ തുടർന്ന് ചോദ്യം ചെയ്യാൻ എത്താൻ കഴിയില്ലെന്ന് ഭാസുരാംഗൻ ഇഡിയെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു ഭാസുംരാംഗന് നൽകിയിരുന്ന നിർദ്ദേശം.
ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ ഭാസുരാംഗൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഇഡി ഉടൻ തീരുമാനം അറിയിക്കും. കഴിഞ്ഞ ദിവസം ഭാസുരാംഗനെയും മകൻ അഖിൽ ജിത്ത്, മകൾ ഭിമ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ഭാസുരാംഗന് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം 10 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ തുടർന്നത്.
ഭാസുരാംഗൻറെ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന മറ്റ് രേഖകളും സമർപ്പിക്കാനും നിർദ്ദേശമുണ്ട്. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കാലത്ത് സഹകരണ ബാങ്കിൽ 101 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.
Discussion about this post