ലഖ്നൗ : പ്രകൃതിയിലെ സർവസ്വങ്ങളെയും ആരാധിക്കുന്ന സംസ്കാരവും വിശ്വാസവുമാണ് ഭാരതത്തിന്റെ ഐക്യത്തിന് കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 500 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ജനുവരിയിൽ അയോധ്യയിലെ ശ്രീരാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്നതും ഇതേ വിശ്വാസങ്ങളുടെ പേരിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലഖ്നൗവിൽ നടന്ന ഛഠ് പൂജ ചടങ്ങുകളിൽ പങ്കുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
പ്രകൃതിയിലെ എല്ലാത്തിനെയും പൂജിക്കുകയും ആരാധിക്കുകയും ഭക്തിയോടെ കാണുകയും ചെയ്യുന്ന സംസ്കാരമാണ് ഇന്ത്യയെ ഐക്യത്തിന്റെ നൂലിൽ ബന്ധിപ്പിക്കുന്നതെന്ന് യോഗി വ്യക്തമാക്കി. ” ഈ വിശ്വാസം പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തെ മുഴുവൻ ഒരുമയോടെ നിലനിർത്തി. മധ്യകാലഘട്ടത്തിൽ, വിദേശ ആക്രമണകാരികൾ നമ്മുടെ ആരാധനാലയങ്ങളെ അശുദ്ധമാക്കുകയും നശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇവിടുത്തെ ജനങ്ങളുടെ ഈ അടിയുറച്ച വിശ്വാസം ഇല്ലായിരുന്നുവെങ്കിൽ, പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെട്ട നിരവധി രാജ്യങ്ങളെപ്പോലെയാകുമായിരുന്നു നമ്മൾ. അവരുടെ മുന്നിൽ ഇപ്പോൾ ഒരു അസ്തിത്വ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. എന്നാൽ ഭാരതം ഇന്നും ഒറ്റക്കെട്ടായി തന്നെ നിലകൊള്ളുന്നു” എന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.
ഛഠ് പൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് യോഗി വ്യക്തമാക്കി. ലക്ഷ്മണ്മേള മൈതാനത്ത് ഭോജ്പുരി സമൂഹം നടത്തിയ പൂജ ചടങ്ങുകളിൽ അദ്ദേഹം പങ്കുകൊണ്ടു. ഛഠ് മേയയുടെ അനുഗ്രഹം കുടുംബത്തിനുവേണ്ടി കഠിനവ്രതം അനുഷ്ഠിക്കുന്ന എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ലഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര, എംഎൽഎ യോഗേഷ് ശുക്ല, ബിജെപി നേതാവ് അപർണ യാദവ്, അഖിലേന്ത്യ ഭോജ്പുരി സമാജ് പ്രസിഡന്റ് പ്രഭുനാഥ് റായ്, രാജ്യസഭാംഗം ഡോ. അശോക് വാജ്പേയി എന്നിവരും പൂജാ ചടങ്ങുകളിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു.
Discussion about this post