ഇന്ത്യയുടെ ബഹിരാകാശ ലോകത്തെക്കുറിച്ചുള്ള അറിവുകൾ മറ്റൊരു തലത്തിലേക്ക് എത്തിക്കാനായി കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ചാന്ദ്രയാൻ 3 യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന് പിന്നാലെയാണ് വരും വർഷം കൂടുതൽ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്.
അറിയാം വരാനിരിക്കുന്ന ഐഎസ്ആർഒ ദൗത്യങ്ങളെക്കുറിച്ച്
ഇൻസാറ്റ് 3ഡിഎസ്
ഐഎസ്ആർഒ വികസിപ്പിച്ച ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ഇൻസാറ്റ്) പരമ്പരയുടെ ഭാഗമാണ് ഇൻസാറ്റ് 3ഡിഎസ്. ദൗത്യം 2024 ജനുവരിയിൽ താൽക്കാലികമായി വിക്ഷേപിക്കാനാണ് തീരുമാനം. കാലാവസ്ഥാ സംവിധാനം, ദുരന്തനിവാരണം, പ്രധാനപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിവ് നേടാനും നിരീക്ഷിക്കാനുമാണ് ഉപഗ്രഹം ലക്ഷ്യമിടുന്നത്.
ഗഗൻയാൻ 1
ഐഎസ്ആർഒയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) സംയുക്തമായി തയ്യാറാക്കിയിരിക്കുന്ന ഗഗൻയാൻ 2024 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും പറന്നുയരുക. ഗഗൻയാൻ 1, ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുളള ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നതിനുള്ള പരീക്ഷണ പറക്കലാണ് നടക്കുക. മൂന്ന് അംഗങ്ങളെ വഹിക്കാൻ കഴിയുന്ന ശേഷിയിലാണ് ഗഗൻയാൻ സജ്ജീകരിച്ചിരിക്കുന്നത്.
നിസാർ
നാസയും ഐഎസ്ആർഒയും സംയുക്തമായി ചേർന്ന് ഒരുക്കുന്ന ബഹിരാകാശ ദൗത്യമാണ് നിസാർ അഥവാ, നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ. 2024 ജനുവരിയിലാണ് നിസാർ വിക്ഷേപിക്കുക. ആദ്യത്തെ ഡ്യുവൽ ബാൻഡ് റഡാർ ഇമേജിംഗ് ഉപഗ്രഹമായിരിക്കും ഇത്.
എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്
കോസ്മിക് എക്സ്-റേകളുടെ ധ്രുവീകരണത്തെക്കുറിച്ച് പഠിക്കുന്നതിനായി എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം 2024-ന്റെ തുടക്കത്തിൽ വിക്ഷേപിക്കും. പൾസാറുകൾ, ബ്ലാക്ക് ഹോൾ എക്സ്-റേ ബൈനറികൾ, സജീവ ഗാലക്സി ന്യൂക്ലിയുകൾ, നോൺ-തെർമൽ സൂപ്പർനോവ അവശിഷ്ടങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ ഉപഗ്രഹം സഹായിക്കും.
വീനസ് ഓർബിറ്റർ മിഷൻ
വീനസ് ഓർബിറ്റർ മിഷൻ വഴി, രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശുക്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശ പേടകം വിക്ഷേപിക്കാൻ പദ്ധതിയിടുകയാണ് ഐഎസ്ആർഒ. 2025ലായിരിക്കും വിക്ഷേപണം. ബഹിരാകാശ പേടകം ശുക്രന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനായിവിക്ഷേപിക്കുന്ന വീനസ് ഓർബിറ്റർ മിഷൻ അഞ്ച് വർഷത്തേക്ക് ശുക്രനെ ചുറ്റും.
Discussion about this post