ചരിത്രാതീതകാലം മുതൽക്ക് തന്നെ വിവിധ പ്രദേശങ്ങളിൽ എള്ള് ധാരാളമായി കൃഷി ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. എണ്ണ ഉണ്ടാക്കാൻ ആയും വിവിധ ഔഷധങ്ങൾ തയ്യാറാക്കാനായും ഭക്ഷണമായും എല്ലാം എള്ള് ഉപയോഗിക്കാറുണ്ട്. വലുപ്പത്തിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ എള്ള് ശരിക്കും കേമനാണ്. പ്രോട്ടീൻ , വിറ്റാമിനുകൾ , ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നൽകുന്ന ചില പ്രധാന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാൻസും ഫൈറ്റോസ്റ്റെറോളുകളും എള്ളിൽ അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ നിങ്ങളുടെ രോഗപ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ്. എള്ളിലെ സെസാമിൻ, സെസാമോളിൻ എന്നിവ ആന്റിഓക്സിഡന്റിനും ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്, കാരണം അവ കോശങ്ങളുടെ കേടുപാടുകൾ മന്ദഗതിയിലാക്കുന്നതിലൂടെ വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു.
എള്ള് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, എള്ളെണ്ണയിലെ ആന്റിഓക്സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എള്ള് കഴിക്കുന്നത് ശീലമാക്കുന്നത് വഴി ചുവന്ന രക്താണുക്കൾ വർദ്ധിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുന്നു.
എള്ള് മാംഗനീസ് , കാൽസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് , ഇവ രണ്ടും നിങ്ങളുടെ എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കുന്നു. ധാരാളം പ്രോട്ടീനും എള്ളില് അടങ്ങിയിട്ടുണ്ട്. സസ്യാഹാരികൾക്ക് പ്രോട്ടീന്റെ ഒരു മികച്ച സ്രോതസ്സ് ആയി കണക്കാക്കാവുന്ന ഭക്ഷണവും കൂടിയാണ് എള്ള്.
Discussion about this post