ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഇസ്രായേലിനെ പഴിചാരി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് റെയ്സി പറഞ്ഞു. സ്ഫോടനത്തിൽ 103 പേർ മരിച്ച പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ അതിക്രമത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇബ്രാഹീം റെയ്സി പറഞ്ഞു. കൊല്ലപ്പെട്ട സൈനിക കമാൻഡർ ഖാസിം സുലൈമാന്റെ കല്ലറയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഇസ്രയേൽ നടത്തിയതെന്നാണ് റെയ്സിയുടെ ആരോപണം.
‘ ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. ഈ അതിക്രമത്തിനും ഇതുവരെ നിങ്ങൾ ചെയ്തിട്ടുള്ള മറ്റ് അതിക്രമങ്ങൾക്കും നിങ്ങൾ വലിയ വില നൽകേണ്ടി വരും. അതിന് ഒരു സംശയവുമില്ല’- ഇബ്രാഹീം റെയ്സി പറഞ്ഞു. ഇസ്രായേലിനുള്ള ശിക്ഷ അതി കഠിനമായിരിക്കുമെന്നും ഇറാനിയൻ പ്രസിഡന്റ് ഭീഷണി മുഴക്കി.
ആക്രമണത്തിന്റെ സൂത്രധാരൻമാരെ എത്രയും വേഗം തിരിച്ചറിയുകയും നീതി നടപ്പാക്കുകയും ചെയ്യും. ഇസ്ലാമിക ആശയങ്ങൾ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ജനതയുടെ നിശ്ചയദാർഢ്യത്തെ ഇല്ലാതാക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്കാവില്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്നും റെയ്സി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇറാനിൽ രാജ്യത്തെ ഞെട്ടിച്ച ഇരട്ട സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ട സൈനിക കമാൻഡർ ഖാസിം സുലൈമാന്റെ കല്ലറയ്ക്ക് മുന്നിലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ നാലം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടിക്കിടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ സ്ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു.
ഇരു സ്ഫോടനങ്ങളിലുമായി 103 പേർ കൊല്ലപ്പെടുകയും 211 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യത്തെ സ്ഫോടനം ഖാസിം സുലൈമാന്റെ കല്ലറയ്ക്ക് 700 മീറ്റർ ദൂരെയും രണ്ടാമത്തേത് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലുമാണ് നടന്നത്.
Discussion about this post