പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് 800 കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസുകളിൽ കയറുന്നതിനായി പുതിയ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു . പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള യാത്രയ്ക്കായി യാത്രക്കാർക്ക് നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ കയറുന്നത് സുഗമമാക്കാനായി പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുകൊണ്ട് ബസ്സിലേക്ക് കയറുന്നത് എളുപ്പമാക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ദേവസ്വം ബോർഡ് നിലക്കലിലെ റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്നും കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നിലക്കലിലേക്കുള്ള യാത്രയ്ക്കായി ആളുകൾ ചെയിൻ സർവീസുകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി സൂചിപ്പിച്ചു. പമ്പയിൽ നിന്നുമുള്ള ദീർഘദൂര ബസുകളിൽ ആളായി കഴിഞ്ഞാൽ നിലയ്ക്കൽ സ്റ്റാൻഡിൽ നിർത്തേണ്ടതില്ലെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.
Discussion about this post