വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ചില ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് അല്ലേ? അത്തരത്തിൽ ഒരു അഭിമാനകരമായ സന്തോഷം പങ്കുവെക്കുകയാണ് ലാൽ കൃഷ്ണ എം എസ് എന്ന സൈനികൻ. ഓർമ്മവച്ച കാലം മുതൽ ആരാധനയും ആഗ്രഹവും ആയിരുന്ന ഒരു കാര്യം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ പൂർത്തീകരിച്ചതിനെക്കുറിച്ച് ലാൽ കൃഷ്ണ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ തരംഗമാവുകയാണ്. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
ലാൽ കൃഷ്ണ എം എസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഓർമ്മവച്ച കാലം മുതൽ യൂണിഫോമിനോടും തോക്കുകളോടും ആരാധനതോന്നുന്നത് അച്ഛനോടും അനിയനോടും ഒപ്പമുള്ള എന്റെ ശബരിമലയാത്രകളിലാണ്. അന്ന് ‘പട്ടാളം’ സിനിമയിൽ കണ്ട നീല യൂണിഫോമിട്ട ആർ.എ.എഫുകാരെക്കാണുമ്പൊ പൊങ്ങച്ചത്തോടെ അനിയനോട് വിശദീകരിച്ചുകൊടുക്കുമായിരുന്നു.
2008 നവംബറിൽ മുംബൈ ഭീകരാക്രമണത്തിൽ ദേശീയ സുരക്ഷാസേന (NSG) നടത്തിയ വീരോദാത്തമായ കമാൻഡോ ഓപ്പറേഷനെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് ഉള്ളിൽ ഫോഴ്സിനോട് തീവ്രമായ ആരാധനയുണ്ടാകുന്നത്.
ആ വർഷം ശബരിമല വന്നപ്പോൾ സോപാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കറുത്ത കുപ്പായമിട്ട പോലീസ് കമാൻഡോകളെ ആദ്യമായി കണ്ടു. അവരുടെ കയ്യിലെ എ.കെ 47 തോക്കിനെയും ഉപകരണങ്ങളെയും കൗതുകത്തോടെ നോക്കിനിന്നു.
പിറ്റേ വർഷം അയ്യപ്പനെ കാണാൻ ചെന്നപ്പോൾ അനിയനേയും കൂട്ടി കമാൻഡോകളുടെ പോസ്റ്റിൽച്ചെന്ന് അവനോട് ചോദിക്കുമായിരുന്നു “ഡാ എനിക്ക് ഇങ്ങേരുടെയത്രേം പൊക്കമുണ്ടോ” എന്ന്!
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് അതിനുശേഷമുള്ള വർഷങ്ങളിലെല്ലാം അയ്യപ്പനോട് പ്രാർത്ഥിച്ചത് ‘അയ്യപ്പാ എന്നെയും ഇതുപോലെ ആക്കണേ’ എന്നാണ്.
ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്കിപ്പുറം അന്ന് കൗതുകത്തോടെ നോക്കിനിന്ന അതേ പോസ്റ്റുകളിൽ, നോക്കിനിന്ന അതേ ആയുധങ്ങളേന്തി ഡ്യൂട്ടിചെയ്യുകയാണ്.
ഇത് നിയോഗമാണോ സ്വപ്നസാക്ഷാത്കാരമാണോ എന്നൊക്കെ ചോദിച്ചാൽ അറിയില്ല.
ഒരു കാര്യം ഉറപ്പാണ്, എന്റെ ചെറുപ്പകാലത്ത് ഞാൻ അയ്യപ്പനായി വന്നപ്പോൾ ശബരിമല സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്ന പോലീസ് അയ്യപ്പന്മാരുടെ സ്നേഹവും കമാൻഡോകളുടെ കൃത്യതയും എന്നെ നൂറുശതമാനം സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് എന്റെ കരിയർ ഒരു യൂണിഫോംഡ് പോസ്റ്റിലേക്ക് എത്തിനിൽക്കുന്നത്.
‘ദൈവം ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ കണ്ടിട്ടുണ്ടോ’ എന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഞാനാരുമല്ല.
പക്ഷേ, എനിക്കൊരു കാര്യം പറയാനുണ്ട്.
ഒരു പതിമൂന്ന് വയസ്സുകാരൻ ഒന്നിനെച്ചൂണ്ടി “ഇതുപോലെയാക്കണേ അയ്യപ്പാ” എന്ന് പ്രാർത്ഥിച്ചപ്പോൾ അയ്യപ്പൻ തിരിച്ച് അന്ന് എന്നോട് പറഞ്ഞതും ഇന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതും ഒരേ കാര്യം തന്നെയാണ്.
“എന്തിനെയാണോ നീ തേടിവന്നത്, അത്… നീ തന്നെയാണ്”. 😊
Discussion about this post