പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പമ്പയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തി. പമ്പ ഗണപതി കോവിലിന് സമീപം ഭക്തരെ തടഞ്ഞിരിക്കുകയാണ്. നിലവിൽ സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം തീർത്ഥാടകർ ഉണ്ടെന്നാണ് ഏകദേശം കണക്കുകൾ വ്യക്തമാക്കുന്നത്.
നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ് പമ്പ കടന്നു പോയവർ കൂടി സന്നിധാനത്ത് എത്തുന്നതോടെ തീർത്ഥാടകരുടെ എണ്ണം ഒന്നേ മുക്കാൽ ലക്ഷത്തോളമാകുമെന്നാണ് കരുതുന്നത്. സന്നിധാനത്തുള്ള ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയാൽ മാത്രമേ പമ്പയിൽ തടഞ്ഞിരിക്കുന്ന തീർത്ഥാടകരെ കടത്തി വിടാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. പമ്പയിൽ നിൽക്കുന്നവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
അതേസമയം, സുരക്ഷ കൂടുതൽ ശക്തമാക്കാനായി ആയിരം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുള്ളത്.
വൈകിട്ട് അഞ്ചിന് നട തുറക്കും. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. വൈകുന്നേരം ആറിന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ ചേർന്നാണ് തിരുവാഭരണ പേടകത്തെ സ്വീകരിക്കുക. തുടർന്ന്, അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നാണ് പൊന്നമ്പലമേട്ടിൽ മകരവിളക്കു തെളിയുക.
നാളെ 50000 പേർക്ക് വിർച്വൽ ക്യൂ വഴി ശബരിമലയിൽ ദർശനം നടത്താം. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60000 പേർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം.
Discussion about this post