ലക്നൗ: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ നിന്നും മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ്. പ്രയാഗ്രാജ് സ്വദേശിയായ ഫൈസാൻ ഭക്തേയാർ ആണ് അറസ്റ്റിലായത്. ക്യാമ്പസ് കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യുപി ഭീകരവിരുദ്ധ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഫൈസാൻ. എന്നാൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പ്രയാഗ് രാജിൽ നിന്നും കടന്നുകളയുമായിരുന്നു. ഇതേ തുടർന്ന് ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യൂണിവേഴ്സിറ്റിയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. അലിഗഡിൽ എംഎസ്ഡബ്ല്യുവിനാണ് ഇയാൾ പഠിക്കുന്നത്.
നേരത്തെ ഫൈസാന്റെ സംഘത്തിലുള്ള അബ്ദുള്ള അർസലാൻ, മാസ് ബിൻ താരിഖ്, വാജുദ്ദീൻ എന്നിവരെയാണ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ഫൈസാനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിദ്യാർത്ഥികളെ ആകർഷിച്ച് ഭീകര സംഘടന രൂപീകരിക്കുക ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം എന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post