തിരുവനന്തപുരം : ഇലക്ട്രിക് ബസുകൾക്കെതിരായ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ വിമർശനവുമായി സിപിഎം എംഎൽഎ വി കെ പ്രശാന്ത്. തിരുവനന്തപുരം നഗരത്തിനു വേണ്ടി ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ളത് നയപരമായ തീരുമാനം ആണെന്ന് എംഎൽഎ വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചതെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു.
തിരുവനന്തപുരം നഗരത്തിലേക്ക് ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനായുള്ള കോർപ്പറേഷന്റെ തീരുമാനത്തിനോട് യോജിപ്പില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നഗരത്തിൽ നടപ്പിലാക്കിയിരിക്കുന്ന സിറ്റി സർക്കുലർ ഇലക്ട്രോണിക് ബസുകൾ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസ് റൂട്ടുകൾ പുനക്രമീകരിക്കുമെന്നും ഗണേഷ് കുമാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിനെതിരെ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ രംഗത്ത് വന്നത്.
ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നും ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് 4 ഡീസൽ ബസുകൾ വാങ്ങാം എന്നും ആയിരുന്നു കെബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നത്. ഇനി പുതുതായി ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും തൊഴിലാളി സംഘടനകളും ആയി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രിയും മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരായാണ് വി കെ പ്രശാന്ത് എംഎൽഎ രംഗത്ത് വന്നിട്ടുള്ളത്.
Discussion about this post