തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പ്രതികരണവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അേദ്ദഹത്തിന്റെ പ്രതികരണം.
‘ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി കണക്കു പറയുന്നില്ല. ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കണ്ടല്ലോ.എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കും’- മന്ത്രി വ്യക്തമാക്കി.
എന്നെ ദ്രോഹിക്കാന്‍ ചിലയാളുകള്‍ക്ക് താല്പര്യമുണ്ട്. ഞാന്‍ ആരെയും ദ്രോഹിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും കേരളത്തില്‍ ഇ ബസുകളുടെ ആവശ്യമില്ലെന്നുമായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട്. എന്നാല്‍, ഇതിന് പിന്നാലെ കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇ ബസ് ലാഭകരമല്ലെന്ന മന്ത്രിയുടെ നിലപാട് നിലനില്‍ക്കെ, കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മന്ത്രി സംഭവത്തില്‍ കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിനോട് വിശദീകരണം തേടിയിരുന്നു.
Discussion about this post