കാന്‍സറിനെ ഭയക്കണ്ട ധൈര്യമായി നേരിടാം. ഇന്ന് ഫെബ്രുവരി 4 . ലോക കാന്‍സര്‍ ദിനം . ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.നമ്മുടെ ശരീരത്തിലുള്ള അവയവങ്ങള്‍ കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഈ കോശങ്ങള്‍ സാധാരണയായി വളരുകയും, വിഭജിക്കപ്പെട്ടു കൂടുതല്‍ കോശങ്ങളായി രൂപപ്പെടുകയും, പ്രായം കൂടുമ്പോള്‍ നശിക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ സാധാരണയായി നടക്കുന്ന ഒരു പ്രക്രിയയാണ്. ചിലപ്പോള്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരും. ഇതാണ് കാന്‍സര്‍ അഥവാ അര്‍ബുദമായി മാറുന്നത്. അനിയന്ത്രിതമായി വിഭജിക്കുന്ന കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ ഇത് സൂചിപ്പിക്കുന്നു. ഒരു ശരീരഭാഗം / അവയവം / ടിഷ്യു എന്നിവയില്‍ നിന്ന് മറ്റൊന്നിലേക്ക് പടരാനുള്ള കഴിവും കാന്‍സറിനുണ്ട്.
2000 ഫെബ്രുവരി 4 ന് പാരീസില്‍ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള കാന്‍സറിനെതിരായ ലോക ഉച്ചകോടിയിലാണ് ആദ്യമായി ലോക കാന്‍സര്‍ ദിനം ആചരിച്ചത്. പാരീസ് ചാര്‍ട്ടറിന്റെ ദൗത്യം ഗവേഷണം പ്രോത്സാഹിപ്പിക്കുക, കാന്‍സര്‍ തടയുക, രോഗികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുക, അവബോധം വളര്‍ത്തുക, കാന്‍സറിനെതിരെ പുരോഗതി കൈവരിക്കുന്നതിന് ആഗോള സമൂഹത്തെ അണിനിരത്തുക, എന്നിവ ഉള്‍പ്പെടുന്നു.
തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും, മദ്യപാനം, പുകവലി എന്നിവ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ചിലത് മാത്രമാണ്. വ്യായാമരഹിതമായ ജീവിതം, അന്തരീക്ഷ മലനീകരണം,ജനിതകം എന്നിവയും ചില സന്ദര്‍ഭങ്ങളില്‍ രോഗകാരിയാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ശ്വാസകോശ കാന്‍സറാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത്. 12.4 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 18.7 ശതമാനം മരണനിരക്കും റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്.പ്രധാനമായും രണ്ട് തരം ശ്വാസകോശ അര്‍ബുദങ്ങളാണുള്ളത്. നോണ്‍-സ്മോള്‍ സെല്‍ ലംഗ് കാന്‍സര്‍, സ്മോള്‍ സെല്‍ ലംഗ് കാന്‍സര്‍ . ലംഗ് കാന്‍സറില്‍ ഏതാണ്ട് 85 ശതമാനവും നോണ്‍-സ്മോള്‍ സെല്‍ ലംഗ് കാന്‍സറാണ്. നാലാം ഘട്ട ശ്വാസകോശ അര്‍ബുദമുള്ള രോഗികളില്‍ ടാര്‍ഗെറ്റഡ് തെറാപ്പിയോ ഇമ്മ്യൂണോതെറാപ്പിയോ ചെയ്തവര്‍ കൂടുതല്‍ കാലം അതിജീവിക്കുന്നതായാണ് കണ്ടുവരുന്നത്.ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ : വിട്ടുമാറാത്ത ചുമ, നെഞ്ച് വേദന, കാരണമില്ലാതെ ശരീരഭാരം കുറയുക, ശ്വാസം മുട്ടല്‍.
രണ്ടാമത് 11.6 ശതമാനം പേര്‍ക്ക് ബാധിച്ചതും ഏഴ് ശതമാന പേരുടെ മരണത്തിന് കാരണമായതുമായ സ്ത്രീകളിലെ സ്തനാര്‍ബുദമാണ്. എന്നാല്‍ പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്. പ്രായമായ സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്തനാര്‍ബുദം ജനിതകപരമായും ഉണ്ടാകാം. സ്തനാര്‍ബുദമുള്ള കുടുംബ ചരിത്രം, ബിആര്‍സിഎ1, ബിആര്‍സിഎ2ജീന്‍ വേരിയന്റുകളുടെ കുടുംബ ചരിത്രം, വൈകിയുള്ള ഗര്‍ഭധാരണം, വൈകിയുള്ള ആര്‍ത്തവവിരാമം, ഹോര്‍മോണ്‍ ചേഞ്ച് തെറാപ്പി എന്നിവ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍
1) മുലഞെട്ടിന്റെ രൂപത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
2) നിങ്ങളുടെ അടുത്ത ആര്‍ത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളില്‍ ഉണ്ടാകുന്ന വേദന.
3) നിങ്ങളുടെ അടുത്ത ആര്‍ത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴ
4) ചുവപ്പോ തവിട്ടോ മഞ്ഞയോ നിറത്തില്‍ ഒരു സ്തനത്തില്‍ നിന്ന് വരുന്ന ദ്രാവകം അല്ലെങ്കില്‍ നിപ്പിള്‍ ഡിസ്ചാര്‍ജ്
കാന്‍സര്‍ വന്നാല്‍ മരണം ഉറപ്പാണ് , ചികത്സിച്ചു മാറ്റാനാവില്ല, പകരുന്ന രോഗമാണ് എന്നിങ്ങനെയുള്ള തെറ്റിദ്ധാരണങ്ങള്‍ പലര്‍ക്കുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റിവച്ചുകൊണ്ട് കാന്‍സറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാന്‍സര്‍ അവബോധ ദിനത്തിന്റെ അനിവാര്യതയാണ് .
Discussion about this post